സിനിമയില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി നടിയും സഹസംവിധായകയുമായ ദേവകി ഭാഗി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴും പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴും ഒരു അസിസ്റ്റന്റ് ഡയറക്ടറും സംവിധായകനും തന്നോട് മോശമായി പെരുമാറി എന്നാണ് ദേവകി കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
ഏഴാം ക്ലാസില്‍ പഠിക്കുന്ന ചെറിയൊരു കുട്ടിക്ക് അങ്ങനെയൊരു അനുഭവമുണ്ടാകുക എന്ന് പറഞ്ഞാല്‍ മനസിലാക്കേണ്ടത് സിനിമയില്‍ അത്തരം ക്രിമിനല്‍ മനസ്സുള്ള ഒരു ഗ്രൂപ്പുണ്ട് എന്ന് തന്നെയാണ്. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ സിനിമയില്‍ വീണ്ടും അവസരം ലഭിച്ചു.
അന്ന് സംവിധായകനാണ് മോശമായി പെരുമാറിയത്.സിനിമയിലെ എല്ലാ സ്ത്രീകളും കാസ്റ്റിങ് കൗച്ചിലൂടെ കടന്നുവന്നിട്ടുള്ളതാണ് എന്നായിരുന്നു അന്ന് ആ സംവിധായകന്‍ പറഞ്ഞത്. മോളുടെ പേടിയൊക്കെ സ്‌ക്രീന്‍ ടെസ്റ്റ് കഴിയുമ്പോ മാറുമെന്നും അയാള്‍ പറഞ്ഞു.
പിന്നീട് ആ സിനിമയില്‍ താല്‍പര്യമില്ലെന്ന് അയാളെ വിളിച്ച് പറയുകയാണുണ്ടായത്. എന്നിട്ടും വീണ്ടും വീണ്ടും സംവിധായകന്‍ വീട്ടുകാരെ വിളിച്ച് ശല്യം ചെയ്തു. പിന്നീട് ദേഷ്യപ്പെട്ടു പറഞ്ഞപ്പോഴാണ് ശല്യം അവസാനിച്ചത് എന്നാണ് ദേവകി പറഞ്ഞത്.
ഈ അടുത്തകാലത്ത് ‘ആഭാസം’ എന്ന സിനിമയില്‍ അഭിനയിച്ച പുതിയ കുട്ടികളെ പരിചയപ്പെട്ടപ്പോള്‍ മനസിലായത് ഇപ്പോഴും സിനിമയുടെ ഈ ഭീകരവശം ശക്തമായി മുന്നോട്ടു പോകുന്നുണ്ട് എന്നാണെന്നും ദേവകി ഭാഗി വ്യക്തമാക്കി.