തന്റെ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ന്നതിന് ശേഷം സിനിമയിലേക്ക് തിരിച്ചു വരാമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ദിലീപ്. പുതിയ ചിത്രം ‘തങ്കമണി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ദിലീപ് സംസാരിച്ചത്. നാല് വര്‍ഷമായി താന്‍ സിനിമയുടെ മാറ്റങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ് എന്നും ദിലീപ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
”ഞാന്‍ പ്രേമലു വരെയുള്ള സിനിമകള്‍ കണ്ടു. ഭ്രമയുഗം ഒക്കെ ഇനി കാണണം. തിയേറ്ററിന്റെ ഭാഗമായതു കൊണ്ട് ഒരു ഷോയിലും എന്ത് നടക്കുന്നുണ്ട് എന്നതൊക്കെ അറിയുന്നുണ്ട്. നമ്മള്‍ അത്രയും ഫോളോ അപ്പ് ചെയ്യുന്ന ആള്‍ക്കാരാണ്. തിയേറ്ററിലേക്ക് ജനങ്ങള്‍ വരുന്നു എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷം.”
”എല്ലാ പടങ്ങളും നമ്മുടെ തിയേറ്ററില്‍ കളിക്കുന്നതു കൊണ്ട് നമുക്ക് കറക്ട് അറിയാന്‍ പറ്റുന്നുണ്ട്. അത് വലിയ സന്തോഷമാണ്. കോവിഡിന്റെ സമയത്ത് ഞാന്‍ സിനിമ ചെയ്തിട്ടില്ല, അതിന് ശേഷം രണ്ട് വര്‍ഷം ഞാന്‍ സിനിമയേ ചെയ്തിട്ടില്ല. എന്റെ പ്രശ്‌നങ്ങള്‍ ഒക്കെ തീരണ്ടേ. എന്നാ പിന്നെ എല്ലാം തീര്‍ന്നിട്ടാവാം എന്ന് പറഞ്ഞിരുന്നിട്ട് തീരണില്ല.”
”എന്നാ പിന്നെ സിനിമയിലേക്ക് ഇറങ്ങാം എന്ന് തീരുമാനിക്കും. ഒരു നാല് വര്‍ഷമായി സിനിമയുടെ മാറ്റങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പിന്നെ നമ്മള്‍ കമ്മിറ്റഡ് ആയി കിടക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. ഒരു സംവിധായകന് കൊടുക്കുന്ന വാക്ക് എന്നൊരു സംവിധാനമുണ്ട്. ആ സമയത്ത് ഒക്കെ നമ്മള്‍ പുതിയ ആള്‍ക്കാര് പുതിയതായിട്ട് എന്ത് കൊണ്ടു വരുന്നു നോക്കുന്നു.”
”എല്ലാവരുടെയും മനസില്‍ ദിലീപ് എന്ന് പറഞ്ഞാല്‍ ഒരു എന്റര്‍ടെയ്ന്‍മെന്റ് എന്ന് പറയുന്ന ഒരു സ്ഥലത്താണ് നമ്മള്‍ നില്‍ക്കുന്നത്. അതുകൊണ്ട് ഏത് സീരിയസ് കാര്യങ്ങള്‍ പറയുമ്പോഴും നമ്മള്‍ നര്‍മ്മത്തില്‍ കൂടിയൊക്കെയാണ് നമ്മള്‍ പറഞ്ഞു കൊടുക്കുക. പിന്നെ പെര്‍ഫോമന്‍സിന് പ്രാധാന്യം കൊടുക്കുന്ന രംഗങ്ങള്‍ അതില്‍ എല്ലാം ഉണ്ടായിരുന്നു” എന്നാണ് ദിലീപ് പറയുന്നത്.
അതേസമയം, മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ഫെബ്രുവരി ഹിറ്റുകളുടെ മാസമാണ്. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ‘പ്രേമലു’ 72 കോടി നേടി ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്, പിന്നാലെ ‘ഭ്രമയുഗം’ 50 കോടി കടന്നു. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ 50 കോടിയിലേക്ക് കുതിക്കുകയാണ്. ദിവസങ്ങള്‍ കൊണ്ട് തന്നെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ചിത്രവും ഗംഭീര കളക്ഷന്‍ ആണ് തിയേറ്ററില്‍ നിന്നും നേടുന്നത്.