സ്നേഹത്തോടെ സംസാരിച്ചിരുന്ന അമ്മച്ചി എന്നെ കണ്ടതും മുഖം തിരിച്ചു, കഥ അറിഞ്ഞപ്പോള്‍ ഇട്ടിട്ട് പോയാലോ എന്ന് വരെ ആലോചിച്ചിരുന്നു; കഥാപാത്രത്തെ കുറിച്ച് ദിനേശ് പണിക്കര്‍

സുരേഷ് ഗോപിയുടെ ജനകന്‍ എന്ന സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തിയതിനെക്കുറിച്ച് നടന്‍ ദിനേശ് പണിക്കര്‍. ജനകനിലെ വില്ലനായത് കാരണം പലരും തന്നെ വെറുത്തിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

വര്‍ഷങ്ങളായി അറിയുന്ന എപ്പോള്‍ കണ്ടാലും സ്നേഹത്തോടെ സംസാരിച്ചിരുന്ന ഒരു അമ്മച്ചി എന്നെ കണ്ടതും മുഖം തിരിച്ച് പോയി. അവര്‍ക്കെന്താണ് പറ്റിയതെന്ന് ചിന്തിച്ചപ്പോഴാണ് സിനിമയുടെ കാര്യം ഓര്‍ത്തത്്. ജനകന്‍ കണ്ടിരുന്നോ എന്ന് ഞാന്‍ അവരോട് പോയി ചോദിച്ചു. ‘കണ്ടു, ദിനേശിനെ അങ്ങനെ കാണാന്‍ ഇഷ്ടമില്ലെന്നായിരുന്നു അവരുടെ മറുപടി’.

സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോളാണ് താന്‍ വില്ലന്‍ വേഷത്തിന്റെ ഭീകരത മനസ്സിലാക്കിയതെന്നും നടന്‍ പറയുന്നു. സീന്‍ എന്താണെന്ന് ഞാന്‍ ചോദിച്ചിരുന്നില്ല. സീന്‍ വായിച്ച് കൊണ്ടിരുന്ന സുരേഷ് ഗോപി ഇടയ്ക്ക് എന്നെ നോക്കുന്നുണ്ട്.

എന്തോ ഒരു കുഴപ്പമുണ്ടല്ലോ എന്നെനിക്ക് തോന്നി. അങ്ങനെ പോയി സീന്‍ വായിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലാക്കുന്നത്. സുരേഷ് ഗോപിയടക്കമുള്ളവര്‍ ആ സീനില്‍ എന്നെ കൊല്ലാന്‍ വേണ്ടി വന്നിരിക്കുന്നതാണ്. ഇതിന് മുന്‍പുള്ള സീനില്‍ ഞാന്‍ സുരേഷ് ഗോപിയുടെ മകളെ പ്രലോഭിപ്പിച്ച് കൊണ്ട് വന്ന് ഞാന്‍ ഉപദ്രവിക്കുന്നുണ്ട്.

ശരിക്കും ആ കഥ വായിച്ച് കുറേനേരം അന്തം വിട്ട് ഇരുന്ന് പോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത, അത്രയും വൃത്തിക്കെട്ട വില്ലന്‍ വേഷമായിരുന്നു അത്. ഇട്ടിട്ട് പോയാലോ എന്നൊക്കെ ഞാന്‍ ആലോചിച്ചിരുന്നു.
ദൈവമായി തന്ന ചലഞ്ചാണ്. ഒരു വില്ലന്റെ വേഷം ചെയ്യാന്‍ പറ്റുമോന്ന് നോക്കാമെന്ന് വിചാരിച്ചു. അത് ഗംഭീരമായി തന്നെ ചെയ്യാനും സാധിച്ചു. ദിനേശ് പണിക്കര്‍ പറയുന്നു.