എനിക്ക് സ്‌പെക്ട്രം ഡിസോര്‍ഡര്‍ ആണ്, അതിനാല്‍ സിനിമ ഉപേക്ഷിക്കുന്നു; കുറിപ്പുമായി അല്‍ഫോണ്‍സ് പുത്രന്‍, മിനിട്ടുകള്‍ക്കുള്ളില്‍ പോസ്റ്റ് മുക്കി, ചര്‍ച്ചയാകുന്നു

താന്‍ സിനിമാ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ഫോണ്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു.

”ഞാന്‍ എന്റെ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വീഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒ.ടി.ടി വരെ ചെയ്യും.”

”സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്ക് വേറെ മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്റര്‍വല്‍ പഞ്ചില്‍ വരുന്നതു പോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും” എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചിരിക്കുന്നത്.

No description available.

ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (ASD) തലച്ചോറിലെ ചില വ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ്. എന്നാല്‍ പോസ്റ്റ് പങ്കുവച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ സംവിധായകന്‍ അത് ഡിലീറ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതേസമയം, ‘ഗിഫ്റ്റ് എന്ന തമിഴ് ചിത്രമാണ് അല്‍ഫോണ്‍സിന്റെ പുതിയ പ്രോജക്ട്.

ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, കളര്‍ ഗ്രേഡിംഗ് എന്നിവയും അല്‍ഫോണ്‍സാണ്. ഡാന്‍സ് കൊറിയോഗ്രാഫറായ സാന്‍ഡിയാണ് നായകന്‍. കോവൈ സരള, സമ്പത്ത് രാജ്, റേച്ചല്‍ റബേക്ക, രാഹുല്‍, ചാര്‍ളി എന്നീ താരങ്ങളും ചിത്രത്തിലുണ്ട്.