വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

കരിയറിന്റെ തുടക്കകാലത്ത് ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുള്ള താരമാണ് വിജയ്. ‘എലിമൂഞ്ചി പോലെയിരിക്ക് ഇവനുടെ ഫെയ്സ്.. യാര് വന്ത് കാസ് കൊടുത്ത് ഇന്ത മൂഞ്ചി തിയേറ്ററിലെ പാക്ക പോറാ’ എന്ന് വരെ നിരൂപകര്‍ വിജയ്‌യെ കുറിച്ച് എഴുതിയിരുന്നു. എന്നാല്‍ പിന്നീട് വിജയ് ജനപ്രിയനായി മാറുകയായിരുന്നു.

വിജയ്‌യുടെ ഈ കഥകള്‍ വീണ്ടും ശ്രദ്ധ നേടാന്‍ കാരണമായിരിക്കുകയാണ് ‘സ്റ്റാര്‍’ എന്ന ചിത്രം. നടന്‍ കവിന്‍ രാജിനെ നായകനാക്കി സംവിധായകന്‍ ഇലന്‍ ഒരുക്കുന്ന ചിത്രമാണ് സ്റ്റാര്‍. ചിത്രം വിജയ്‌യുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എടുത്തതാണെന്നാണ് ഇലന്‍ പറയുന്നത്.

തന്റെ രൂപത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളെ നേരിടുന്ന സീന്‍, അത്തരം സന്ദര്‍ഭത്തിലൂടെ കടന്നു പോയ വ്യക്തിയാണ് വിജയ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം തനിക്ക് ഈ കഥപാത്രത്തെ രൂപപ്പെടുത്തിയെടുക്കാന്‍ സഹായകരമായിട്ടുണ്ട്.

90കളിലാണ് വിജയ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന് നിറത്തിന്റെ പേരിലും മുഖത്തിന്റെ പേരിലും നിരവധി വിമര്‍ശനങ്ങളാണ് നേരിട്ടിട്ടുള്ളത്. അത് വിജയ്‌യുടെ മാത്രം കാര്യമല്ല, ഈ ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്.

ഫോട്ടോഗ്രാഫര്‍ പാണ്ടിയന്‍ എന്ന എന്റെ അച്ഛനും ഇതേ അനുഭവം നേരിട്ടിട്ടുണ്ട് എന്നാണ് ഇലന്‍ പറയുന്നത്. അതേസമയം, മെയ് 10ന് റിലീസ് ആകുന്ന ചിത്രം, സിനിമയില്‍ എത്തിപ്പെടാന്‍ പരിശ്രമിക്കുന്ന ഒരു നടന്റെ കഥയാണ് പറയുന്നത്.