'എക്‌സോർസിസ്റ്റിന് ശേഷം ഞാന്‍ കണ്ട ഏറ്റവും മികച്ച ഹൊറര്‍ ചിത്രം'; ഭൂതകാലത്തെ കുറിച്ച് രാം ഗോപാല്‍ വര്‍മ്മ

രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ ഷെയ്ന്‍ നിഗവും രേവതിയും മത്സരിച്ച് അഭിനയിച്ച ‘ഭൂതകാലം’ ചര്‍ച്ചകളില്‍ നിറയുകയാണ്. ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.

എക്‌സോസിസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം ഇത്രയും നല്ലൊരു ഹൊറര്‍ ചിത്രം വേറെ കണ്ടിട്ടില്ല എന്നാണു ഭൂതകാലത്തെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഭൂത്, രാത്ത്, ട്വല്‍വ് ഓ ക്ലോക്ക് തുടങ്ങി പത്തിലേറെ ഹൊറര്‍ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ആര്‍ജിവി.

”എക്‌സോസിസ്റ്റിന് ശേഷം ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഹൊറര്‍ സിനിമയാണ് ‘ഭൂതകാലം’. വളരെ ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ വിജയിച്ച ഭൂതകാലത്തിന്റെ സംവിധായകന്‍ രാഹുല്‍ സദാശിവനും നിര്‍മ്മാതാവ് അന്‍വര്‍ റഷീദിനും അഭിനന്ദനങ്ങള്‍.”

”ഷെയ്ന്‍ നിഗം വളരെ ബ്രില്യന്റ് ആയി അഭിനയിച്ചിരിക്കുന്നു. ബഹുമുഖ പ്രതിഭയായ രേവതിയുടെയും അഭിനയം എടുത്തു പറയേണ്ടതാണ്. ഭൂതകാലത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍” എന്നാണ് ആര്‍ജിവി ട്വീറ്റ് ചെയ്തിരിക്കുന്നത്.