'തന്നെ കുറിച്ച്, താന്‍ പിന്നിട്ട വഴികളെ കുറിച്ച് ഇന്നും എവിടെയും കിട്ടിയ മൈക്ക് വെച്ച് കൂവി വിളിക്കാന്‍ അയാളെ കണ്ടിട്ടില്ല'

അന്തരിച്ച പ്രമുഖ നടന്‍ ശശി കലിംഗയെ അനുസ്മരിച്ച് സംവിധായകന്‍ രഞ്ജിത്ത്. തന്നെ കുറിച്ച് താന്‍ പിന്നിട്ട വഴികളെ  കുറിച്ച് എവിടെയും കൂവി വിളിക്കാന്‍ മുതിരാത്ത വ്യക്തിയായിരുന്നു ശശി കലിംഗയെന്ന് രഞ്ജിത്ത് പറയുന്നു. തന്റെ സിനിമാപ്രവേശത്തിന് കാരണമായ ഒരാള്‍ എന്ന പേരിലാകാം ശശി എന്നോട് എന്നും ഒരകലം പാലിച്ച് നിന്നിരുന്നു എന്നും രഞ്ജിത്ത് പറയുന്നു. ശശിയെ സിനിമയിലേക്കെത്തിച്ച സംവിധായകന്‍ രഞ്ജിത്ത് ആണ്.

“കുറച്ചു നാളുകളായിട്ടുണ്ടാവും ആ വിദ്വാനെ കണ്ടിട്ട്. വെറുതേ ഒരു സന്ദര്‍ശനം, അല്ലെങ്കില്‍ ഒരു ഫോണ്‍ വിളി അതൊന്നും അയാളുടെ രീതിയല്ല. സിനിമയില്‍ ഒരവസരം ലഭിക്കാനായി എന്നെയെന്നല്ല ആരെയും ശശി വിളിച്ചതായി അനുഭവമില്ല. അങ്ങനെ ആരും പറഞ്ഞിട്ടില്ല. ഇതിനിടയില്‍ ആരോ അയാളെ കലിംഗ ശശി എന്നി വിളിച്ചു. ഞാന്‍ ശശിയോട് പിന്നീട് ചോദിച്ചു. “പേരിനൊപ്പം പ്രവര്‍ത്തിച്ച നാടകസംഘത്തിന്റെ പേര് വരണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ ശശി സ്റ്റേജ് ഇന്ത്യ- അങ്ങനെയല്ലേ വേണ്ടിയിരുന്നത്?” “ശരിയാണ് സാര്‍, പക്ഷേ, ഞാന്‍ ആരെയും തിരുത്തേണ്ട എന്ന് വിചാരിച്ചു.”

“അതാണയാള്‍, തന്നെ കുറിച്ച് താന്‍ പിന്നിട്ട വഴികളെ കുറിച്ച് ഇന്നും എവിടെയും, കിട്ടിയ മൈക്ക് വെച്ച് കൂവി വിളിക്കാന്‍ അയാളെ കണ്ടിട്ടില്ല. തന്റെ സിനിമാപ്രവേശത്തിന് കാരണമായ ഒരാള്‍ എന്ന പേരിലാകാം ശശി എന്നോട് എന്നും ഒരകലം പാലിച്ച് നിന്നു. ഇന്ന് രാവിലെ, ഇനി ഞാന്‍ കണ്ണുകള്‍ തുറക്കുകയില്ല എന്ന് തീരുമാനിച്ച് കിടക്കുംപോലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഒരു കട്ടിലില്‍ വെളുത്ത തുണി കഴുത്തറ്റം മൂടി കിടക്കുന്നത് കാണാനാണ് ആറു മണിക്ക് മുമ്പ് ഒരു ഫോണ്‍വിളി ഉണര്‍ത്തിയത്.”

“തിരിച്ച് വീട്ടിക്കേ് കാര്‍ ഓടിക്കുമ്പോള്‍ വെറുതേ ഓര്‍ക്കാന്‍ ശ്രമിച്ചു. ഉണ്ട് ഓർമ്മയുണ്ട്, ശശിയെ അവസാനം കണ്ടത്. മഹാറാണി ഹോട്ടലിന്റെ മുന്നില്‍ വന്നിറങ്ങുമ്പോള്‍ ശശി അവിടെയുണ്ട്. എന്നെ കണ്ടതും കൈയിലെ സിഗരറ്റ് താഴെയിട്ടു. ബാറിലേക്കോ അതോ ബാറില്‍ നിന്നും ഇറങ്ങിയതോ എന്ന എന്റെ ചോദ്യത്തിന് മറുപടി ഒച്ചയില്ലാത്ത ആ ചിരി… ബാറിലെ സന്തോഷിനെ വിളിച്ചു ഞാന്‍ ചോദിച്ചു, ശശി പോയോ? സന്തോഷ് പറഞ്ഞു “സാറിനെ കണ്ടു എന്നുപറഞ്ഞ് ധൃതിയില്‍ ബില്‍ സെറ്റില്‍ ചെയ്ത് പോയി.”

“ആവശ്യത്തിന് കഴിച്ചിട്ടാണോ പോയത്? എന്റെ ചോദ്യത്തിന് സന്തോഷ് പറഞ്ഞതിങ്ങനെ “ശശിയേട്ടന്റെ ആവശ്യം എന്താണോ, എത്രയാണോ എന്നൊന്നും നമ്മള്‍ അറിയിലല്ലോ… മൂപ്പര്‍ പറയാറും ഇല്ല”. അതാണയാള്‍ എവിടെയും തനിക്ക് വേണ്ടതും അതിന്റെ അളവും പറയാതെ പിന്‍വാങ്ങിയ ഒരാള്‍. ഇത്രനാളും വന്നിട്ടില്ലാത്തതു കൊണ്ട് എന്റെ ഫോണിലേക്ക് ശശിയുടെ ഒരു വിളി ഇനിയും വരില്ല എന്നത് മാത്രമാണ് എനിക്ക് അയാളെ  കുറിച്ച് ഉറപ്പിച്ച് പറയാന്‍ കഴിയുന്ന കാര്യം… ഇത് വായിക്കാന്‍ നിങ്ങളില്ല ശശി. ഇഷ്ടമായിരുന്നു സിനിമാ പ്രേക്ഷകര്‍ക്ക് നിങ്ങളെ ഒരുപാട്… അതയാള്‍ അറിഞ്ഞിരുന്നോ ആവോ…” മാതൃഭൂമിയില്‍ എഴുതിയ കുറിപ്പില്‍ രഞ്ജിത്ത് പറഞ്ഞു.

കടപ്പാട്: മാതൃഭൂമി