‘ആടുജീവിതം’ സിനിമയിലൂടെ പൃഥ്വിരാജ് അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്ന നടനായി മാറിയതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ വിനയന്‍. പൃഥ്വിരാജിന് മലയാള സിനിമ വിലക്ക് ഏര്‍പ്പെടുത്തിയ കാലത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പൃഥ്വിരാജിന് വിലക്ക് ഏര്‍പ്പെടുത്തിയ സമയത്ത് ആയിരുന്നു വിനയന്‍ അത്ഭുതദ്വീപ് ഒരുക്കിയത്. സിനിമ സൂപ്പര്‍ ഹിറ്റ് ആവുകയും ചെയ്തിരുന്നു. 2005ല്‍ ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്ത ഈ സിനിമയെ കുറിച്ച് പറഞ്ഞു കൊണ്ടാണ് സംവിധായകന്റെ കുറിപ്പ്.
വിനയന്റെ കുറിപ്പ്:
2005 ഏപ്രില്‍ ഒന്നിനാണ് അത്ഭുതദ്വീപ് റിലീസു ചെയ്തത്.. പരിമിതമായ ബഡ്ജറ്റില്‍ ആയിരുന്നെങ്കിലും ഗിന്നസ് പക്രു ഉള്‍പ്പടെ മുന്നൂറോളം കൊച്ചുമനുഷ്യരെ പങ്കെടുപ്പിച്ചു വലിയ ക്യാന്‍വാസിലായിരുന്നു ചിത്രം പൂര്‍ത്തിയാക്കിയത്.. അത്ഭുതദ്വീപും സത്യവുമൊക്കെ കഴിഞ്ഞ് പത്തൊമ്പതു വര്‍ഷത്തിനു ശേഷം ആടുജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്ന നടനായി മാറിയിരിക്കുന്നു…
ഒത്തിരി സന്തോഷമുണ്ട്.. അത്ഭുതദ്വീപ് ഷൂട്ടു ചെയ്യുമ്പോളുള്ള സംഘടനാ പ്രശ്‌നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതുമൊക്കെ ഇന്നോര്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നു.. അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം കൂടുതല്‍ ഭംഗിയായി ഒരു വലിയ ചിത്രമായി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്നു കരുതുന്നു..
അതേസമയം, ആടുജീവിതം 75 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി തിയേറ്ററില്‍ കുതിക്കുകയാണ്. മണിരത്‌നം, കമല്‍ ഹാസന്‍, മാധവന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. യുഎഇയില്‍ മാത്രമല്ല ബഹൈറിനിലും സിനിമ ഇപ്പോള്‍ റിലീസ് ചെയ്തിട്ടുണ്ട്. നേരത്തെ ഗള്‍ഫ് രാജ്യങ്ങളില്‍ സിനിമ വിലക്കിയിരുന്നു.