ഒരിടവേളയ്ക്ക് ശേഷം സായി പല്ലവി മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം, ഫഹദ് ഫാസിലും സായി പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം, ഒരു കൂട്ടം നവാഗതരുടെ ചിത്രം തുടങ്ങി നിരവധി പ്രത്യേകതകളുമായി അതിരന് റിലീസിംഗിന് ഒരുങ്ങുകയാണ്. ഈ.മ.യൗവിന്റെ തിരക്കഥാകൃത്ത് പി.എഫ് മാത്യൂസ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിവേകാണ്. പുതുമകള്‍ ആഗ്രഹിക്കുന്നവരെ ഒരു തരത്തിലും മുഷിപ്പിക്കാതെ വ്യത്യസ്തമായ ദൃശ്യാനുഭവം അതിരന് നല്കാന് കഴിയുമെന്നാണ് കരുതുന്നതെന്ന് വിവേക് പറയുന്നു.
“കുടുംബ ബന്ധങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്ത് ഒരുക്കുന്ന ത്രില്ലര്‍ സിനിമയാണ് അതിരന്. മലയാളസിനിമ കടന്നു ചെല്ലാത്ത പ്രമേയപരമായ അന്തരീക്ഷത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. നല്ലൊരു സിനിമാക്കണിയൊരുക്കുകയാണ് ആത്യന്തികമായ ലക്ഷ്യം. ചിത്രത്തിലെ നായകനും നിര്‍മ്മാണ കമ്പനിയായ സെഞ്ച്വറിയുമാണ് എന്റെ ഈ യാത്രയിലെ കരുത്തും ആത്മവിശ്വാസവും. കേള്‍ക്കുമ്പോള്‍ വളരെ സങ്കീര്‍ണ്ണമാണെന്ന് തോന്നുമെങ്കിലും ഫഹദ് വളരെ അനായാസമായി ആ കഥാപാത്രത്തെ മെരുക്കിയെടുത്തു. ആ കഥാപാത്രത്തെ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും മുകളില്‍ ഫഹദ് എത്തിച്ചു.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ വിവേക് പറഞ്ഞു.
പരസ്യമേഖലയില്നിന്ന് സിനിമാസംവിധാനത്തിലെത്തിയ വിവേക്, ബാഹുബലി, ജംഗിള്‍ ബുക്ക്, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ഗ്ളോബല്‍ യുണൈറ്റഡ് ഇന്ത്യ, വാള്‍ട്ട് ഡിസ്നി, എന്‍.ടി.വി. ഇന്ത്യ, എന്നീ കമ്പനികളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഫഹദ് ഫാസിലിനും സായ് പല്ലവിക്കും പുറമെ അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, നന്ദു, പി.ബാലചന്ദ്രന്, ലെന, വിജയ് മേനോന്, സുരഭി ലക്ഷ്മി, ശാന്തി കൃഷ്ണ, ലിയോണ ലിഷോയ്, ശിവദാസ്, രാജേഷ് ശര്‍മ്മ, വി.കെ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അനു മൂത്തേടത്താണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പി.എസ്. ജയഹരി സംഗീതവും ജിബ്രാന് പശ്ചാത്തല സംഗീതവും ഒരുക്കുന്ന സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാനാണ് നിര്‍വഹിക്കുന്നത്. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളിലെത്തും. അതേസമയം, ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് വൈകിട്ട് നാലിന് റിലീസ് ചെയ്യും. നടന് പൃഥ്വിരാജ് തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാകും ട്രെയിലര്‍ റിലീസ് ചെയ്യുക.
Read more
https://www.facebook.com/Athiranthemovie/videos/883591521972940/