‘കുരുതി’ സിനിമ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഡോ. ഇക്ബാല്‍ എന്ന വ്യക്തി സിനിമയെ വിമര്‍ശിച്ച് എഴുതിയ കുറിപ്പ് തന്റേതല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ഡോ. ഇക്ബാല്‍ കുറ്റിപ്പുറം. പൊതുജനാരോഗ്യ വിദഗ്ദ്ധന്‍ ഡോ. ബി ഇക്ബാല്‍ എഴുതിയ കുറിപ്പിന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് തിരക്കഥാകൃത്ത് എത്തിയത്.
തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കാവുന്ന ഈ പോസ്റ്റ് കണ്ടപ്പോള്‍ വിശദീകരണം നല്‍കണമെന്ന് തോന്നി. ഇതില്‍ പറയുന്ന ഡോ ഇക്ബാല്‍ ആരാണെന്നറിയില്ലെന്നും കുരുതി ഇപ്പോഴാണ് കണ്ടതെന്നും ഇക്ബാല്‍ കുറ്റിപ്പുറം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചാണ് തിരക്കഥാകൃത്തിന്റെ കുറിപ്പ്.
ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ പോസ്റ്റ്:
തെറ്റിദ്ധാരണയുണ്ടാക്കിയേക്കാവുന്ന ഈ പോസ്റ്റ് കണ്ടപ്പോള്‍ ഒരു വിശദീകരണം വേണമെന്ന് തോന്നുന്നു ഇതില്‍ പറയുന്ന ഡോ ഇക്ബാല്‍ ആരാണെന്നറിയില്ല ‘കുരുതി’ ഇപ്പോഴാണ് കണ്ടത്. ശക്തവും പ്രസക്തവുമായ ഒരു വിഷയം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.
ആത്മചൈതന്യമോ ശുഭാപ്തിയോ ആവേണ്ട മതം രാഷ്ട്രീയക്കാരുടെയും ആത്മീയ വ്യാപാരികളുടെയും കയ്യിലെ ആയുധമായി മാറിയിട്ട് കുറെ കാലമായെങ്കിലും അതിന്റെ ക്രമാതീതമായ വളര്‍ച്ച ഞെട്ടിപ്പിക്കുന്നതാണെന്ന തിരിച്ചറിവാണ് ഈ സിനിമ. വലിയ ഒരു വിഷയം ഒരു ദിവസത്തേക്കു, ചെറിയ കഥാപരിസരത്തിലേക്കു ചുരുക്കി പറയാന്‍ ശ്രമിക്കുന്നത് എളുപ്പമല്ല. അത് ഫലപ്രദമായി പറയുന്നതില്‍ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.