'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ മമ്മൂട്ടി. ‘നിങ്ങളുടെ വിവേകവും വിനയവും ഈ രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും,’ എന്നാണ് മമ്മൂട്ടി കുറിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടൻ അനുശോചനം രേഖപ്പെടുത്തിയത്.

ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് 2024ല്‍ 33 വര്‍ഷം നീണ്ട രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് രാജ്യസഭയില്‍ നിന്ന് വിരമിച്ചിരുന്നു.

പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ 1991 ജൂണില്‍ ധനമന്ത്രിയായി. രാജ്യസഭയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശവും 1991ലായിരുന്നു. ഉപരിസഭയില്‍ അദ്ദേഹം അഞ്ച് തവണ അസമിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. 2019ല്‍ രാജസ്ഥാനിലേക്ക് മാറി. നോട്ട് നിരോധനത്തിനെതിരായായിരുന്നു അദ്ദേഹത്തിന്റെ അവസാന ഇടപെടല്‍. ‘സംഘടിതവും നിയമവിധേയമാക്കപ്പെട്ടതുമായ കൊള്ള’ എന്നായിരുന്നു അദ്ദേഹം നോട്ട് നിരോധനത്തിന് നല്‍കിയ വിശേഷണം.

Read more