മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഫാസിൽ. നോക്കത്താ ദൂരത്ത് കാണും നട്ട്, എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, മണിച്ചിത്രത്താഴ് തുടങ്ങീ നിരവധി മികച്ച ചിത്രങ്ങളാണ് ഫാസിലിന്റെതായി പുറത്തിറങ്ങിയിട്ടുള്ളത്.
ഇപ്പോഴിതാ മലയാളത്തിൽ തന്നെ സ്വാധീനിച്ച സംവിധായകനെ പറ്റി പറയുകയാണ് ഫാസിൽ. ആ സംവിധായകന്റെ കൂടെ 11 ദിവസം നിന്നാണ് താൻ ആദ്യമായി സിനിമ പഠിച്ചതെന്നും ഫാസിൽ പറയുന്നു.
“മലയാളത്തിൽ ഏറ്റവും സ്വാധീനിച്ചത് എ.വിൻസൻ്റ് മാഷാണ്. എന്റെ മാനസിക ഗുരു. അദ്ദേഹം സംവിധാനം ചെയ്യുന്നതു 11 ദിവസം ഞാൻ നോക്കി നിന്നിട്ടുണ്ട്. അടൂർ ഭാസി സംവിധാനം ചെയ്‌ത ‘അച്ചാരം അമ്മിണി ഓശാരം ഓമന’യുടെ സെറ്റിൽ ബോബൻ കുഞ്ചാക്കോയെ കാണാൻ പോയതാണ്.
11 ദിവസത്തെ ഷെഡ്യൂൾ ചെയ്യുന്നത് വിൻസൻ്റ് മാഷ്. അന്നത്തെ ചർച്ചകളിൽ ഞാനും ഉൾപ്പെട്ടു. ബോബൻ പറഞ്ഞു: നാളെ മുതൽ ഇവൻ ഇവിടെയൊക്കെ ചുറ്റിപ്പറ്റിയുണ്ടാകും, സംവിധാനം കണ്ടു പഠിക്കാൻ. ആ 11 ദിവസമാണ് എന്റെ സിനിമ സർവകലാശാല.
Read more
മലയാളത്തിലെ വലിയ സംവിധായകനാകുമെന്ന് എന്നെപ്പറ്റി വിൻസന്റ് മാഷ് മകൻ ജയനൻ വിൻസൻ്റിനോടു പറഞ്ഞതായി പിന്നെയറിഞ്ഞു. രണ്ടു ഗുണങ്ങൾ ഞാൻ അദ്ദേഹത്തിൽനിന്ന് അപ്പാടെ പകർത്തിയിട്ടുണ്ട്. നടീനടൻമാരിൽനിന്ന് അഭിനയം പിടിച്ചെടുക്കുന്നതും ഗാന ചിത്രീകരണവും.” എന്നാണ് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫാസിൽ പറഞ്ഞത്.