മനോരോഗ പ്രസ്താവന: ഷെയ്ന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്ന് നിര്‍മ്മാതാക്കള്‍

പ്രൊഡ്യൂസേഴ്സിന് മനോവിഷമമാണോ മനോരോഗമാണോ എന്ന ഷെയ്‌നിന്റെ പ്രസ്താവനയില്‍ ഇടഞ്ഞ് നിര്‍മ്മാതാക്കള്‍. ഷെയ്ന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം. അതുവരെ ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഷെയ്‌നിന്റെ മനോരോഗ പ്രസ്താവനയെ തുടര്‍ന്ന് വിലക്കുമായി ബന്ധപ്പെട്ട് അമ്മയും ഫെഫ്കയും നടത്തി വന്നിരുന്ന സമവായ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു.

ഐഎഫ്എഫ്‌കെ വേദിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയായിരുന്നു ഷെയ്‌നിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള മനോരോഗ പ്രസ്താവന. നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നാണ് സംശയമെന്നായിരുന്നു ഷെയ്ന്‍ പറഞ്ഞത്. ചലച്ചിത്ര മേളയില്‍ “കുമ്പളങ്ങി നൈറ്റ്‌സി”ന്റെ പ്രദര്‍ശനത്തിന് എത്തിയതായിരുന്നു ഷെയ്ന്‍.

Read more

സമവായ ചര്‍ച്ചകള്‍ പുരോഗമിക്കെ ഷെയ്ന്‍ നടത്തിയ പ്രയോഗം “അമ്മ”യില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കില്ലെന്നാണ് അഭിനേതാക്കളുടെ സംഘടനയുടെ ഇപ്പോഴത്തെ നിലപാട്.