ദയവു ചെയ്ത് വികസനം എന്ന പേരില്‍ അവരുടെ സമാധാനത്തെ ഇല്ലാതാക്കരുത്: ഗീതു മോഹന്‍ദാസ്

ലക്ഷദ്വീപിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരിച്ച് സംവിധായിക ഗീതു മോഹന്‍ദാസും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. പൃഥ്വിരാജ്, ബാദുഷ, സലാം ബാപ്പു തുടങ്ങി സിനിമാ മേഖലയിലുള്ളവരും പ്രതിഷേധങ്ങളുമായി എത്തിയിരുന്നു.

ലക്ഷദ്വീപിലെ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗീതു മോഹന്‍ദാസും. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും നിഷ്‌ക്കളങ്കരായ മനുഷ്യരുള്ള നാടാണ് ലക്ഷദ്വീപ്. അവിടുത്തെ സമാധാനം ഇല്ലാതാക്കരുത് എന്ന് സംവിധായിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സേവ് ലക്ഷദ്വീപ്, ഐസ്റ്റാന്‍ഡ് ലക്ഷദ്വീപ് എന്നീ ഹാഷ്ടാഗുകളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഗീതു മോഹന്‍ദാസിന്റെ കുറിപ്പ്:

ഞാന്‍ മൂത്തോന്‍ ഷൂട്ട് ചെയ്തത് ലക്ഷദ്വീപിലാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മാന്ത്രികത നിറഞ്ഞതും നല്ല മനുഷ്യര്‍ നിറഞ്ഞതുമായ സ്ഥലങ്ങളിലൊന്ന്. അവരുടെ കരച്ചില്‍ ശരിക്കും നിരാശാജനകവും യാഥാര്‍ത്ഥ്യവുമാണ്.

നമ്മള്‍ ഒരുമിച്ചുനിന്ന് അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുക എന്നതിനപ്പുറം ഒന്നും ചെയ്യാനില്ല. ദയവു ചെയ്ത് വികസനം എന്ന പേരില്‍ അവരുടെ സമാധാനത്തെ ഇല്ലാതാക്കരുത്, അവരുടെ ആവാസവ്യവസ്ഥയെ, നിഷ്‌കളങ്കതയെ തകര്‍ക്കരുത്. ഇത് ശരിയായ ചെവികളില്‍ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.