'ഹോമമോ പൂജയോ അല്ല, സയന്‍സ് തന്നെയാണ് വേണ്ടത്'; അമൃതാനന്ദമയി ട്രോളുകളോട് പ്രതികരിച്ച് ഗോവിന്ദ് വസന്ത

അമൃതാന്ദമയി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ട്രോളുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത.

ഹോമമോ ഹോമിയോയോ പൂജയോ അല്ല, സയന്‍സ് തന്നെയാണ് വേണ്ടത് എന്ന് മനസ്സിലാക്കിക്കാന്‍ ആര് മാതൃകയായാലും നല്ലത് എന്നാണ് തനിക്ക് തോന്നിയതെന്ന് ഗോവിന്ദ് വസന്ത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“”അമൃതാനന്ദമയി വാക്സിന്‍ എടുത്തതിനെ ട്രോളുന്നത് കണ്ടു. ഹോമമോ ഹോമിയോയോ പൂജയോ അല്ല, സയന്‍സ് തന്നെയാണ് വേണ്ടത് എന്ന് മനസ്സിലാക്കിക്കാന്‍ ആര് മാതൃകയായാലും നല്ലതാണെന്നാണ് എനിക്ക് തോന്നിയത്. പൗരോഹിത്വം കൊടികുത്തി വാഴാന്‍ തക്കം തേടി നടക്കുന്ന കാലവും നാടുമാണിത്. ഓരോ ഇഞ്ച് പ്രതീക്ഷകളെയും പൊലിപ്പിച്ചു കാണിക്കണമെന്ന് തോന്നുന്നു”” എന്നാണ് ഗോവിന്ദ് വസന്തയുടെ പോസ്റ്റ്.

അമൃതാനന്ദമയി വാക്‌സിനെടുത്തു എന്ന വാര്‍ത്ത വന്നതോടെ നിരവധി ട്രോളുകളും മീമുകളുമാണ് പ്രചരിച്ചത്. ലോകചരിത്രത്തില്‍ തന്നെ വാക്സിനെടുത്ത ഒരേ ഒരു ദൈവം, പ്രമുഖ ദൈവം വാക്സിനെടുത്തു, മക്കളേ ഞാന്‍ വക്സിനെടുത്തു, ദൈവങ്ങള്‍ക്ക് മാത്രമുള്ള വാക്സിന്‍ എന്നിങ്ങനെയുള്ള ട്രോളുകളാണ് എത്തിയത്.

Read more