തുടക്കക്കാലത്ത് എനിക്ക് ബസ് കൂലി പോലും കിട്ടിയിരുന്നില്ല; പക്ഷേ നായകനേക്കാൾ പ്രതിഫലം കിട്ടിയ സിനിമയുമുണ്ട്; തുറന്നുപറഞ്ഞ് ഗ്രേസ് ആന്റണി

ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി ഗ്രേസ് ആന്റണി. നായകന് കൊടുത്ത അതേ പ്രതിഫലം തനിക്കും വേണമെന്ന് പറഞ്ഞാൽ തന്റെ പേരിൽ ആ സിനിമ വിറ്റ് പോവുമോയെന്ന് അവർ തിരിച്ചുചോദിക്കുമെന്നും, നിലവിൽ താൻ അർഹിക്കുന്ന പ്രതിഫലം കിട്ടുന്നുണ്ടെന്നും പറഞ്ഞ ഗ്രേസ് ആന്റണി, ഒരു സിനിമയിൽ തനിക്ക് നായകനേക്കാൾ പ്രതിഫലം കിട്ടിയിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നു.

“നായകന് ഇത്ര പ്രതിഫലം കൊടുത്തു, എനിക്കും അതേ പ്രതിഫലം വേണമെന്ന് പറഞ്ഞാൽ നിർമാതാക്കൾ ചോ​ദിക്കും
താങ്കളുടെ പേരിൽ ഈ പടം വിറ്റു പോകുമോന്ന്. അങ്ങനെ ചോദിച്ച് കഴിഞ്ഞാൽ എനിക്ക് മറുപടിയില്ല. കാരണം ആ പടം വിറ്റു പോകാനുള്ള സോഴ്സും കാരണങ്ങളും എല്ലാം കാണുന്നത് ആ നടനിലാണ്. ഒരു പ്രോജക്ട് കമ്മിറ്റ് ചെയ്യുമ്പോൾ കാരണം സംവിധായകൻ, രചയിതാവ്, പ്രൊഡക്ഷൻ എന്നിവർ അതിനൊരു സെല്ലിം​ഗ് പോയിന്റ് കണ്ടിട്ടുണ്ടാകും.
സിനിമ ഒരു ബിസിനസ് ആണല്ലോ. അപ്പോൾ ഒരു നടന്റെ പേരിലാകും സെല്ലിം​ഗ് നടക്കുക.

എന്റെ പേരിൽ പടം വിറ്റു പോകുന്ന, എന്നെ പ്രധാന കഥാപാത്രമാക്കി പടം ചെയ്യാൻ ഒരു പ്രൊഡക്ഷൻ വരികയാണെങ്കിൽ എന്റെ പ്രതിഫലം ഇത്രയാണ് എന്ന് എനിക്ക് പറയാനാകും. നിലവിൽ ഞാൻ അർഹിക്കുന്ന പ്രതിഫലം എനിക്ക് കിട്ടുന്നുണ്ട്. ഒരു സിനിമയിൽ ഞാൻ അഭിനയിച്ചപ്പോൾ, അതിലെ നായകനെക്കാൾ പ്രതിഫലം ആയിരുന്നു എനിക്ക്. അതും ഒരു പോയിന്റ് ആണ്.

ഒരു സനിമ ചെയ്യുമ്പോൾ നമ്മളെക്കാൾ പ്രതിഫലം കുറഞ്ഞ അഭിനേതാക്കളും കൂടുതലുള്ള അഭിനേതാക്കളും ഉണ്ടാകും. തമിഴിൽ കാര്യങ്ങൾ പക്ഷേ വ്യത്യസ്തമാണ്. അവിടെയും തുല്യവേതനം പറയാൻ പറ്റിയില്ലെങ്കിലും മലയാള സിനിമയെക്കാൾ പ്രതിഫലം അവിടെന്ന് നമുക്ക് കിട്ടും. അവിടെ ഉള്ള നിർമാതാക്കൾ പൈസ ഇറക്കാൻ തയ്യാറാണ്. നമ്മൾ ചെയ്യുന്ന വർക്ക് നല്ലതാണെങ്കിൽ, ക്വാളിറ്റി നല്ലതാണെങ്കിൽ അതിനുള്ള പ്രതിഫലം നമുക്ക് കിട്ടും. അത് മനസിലാക്കിയിട്ടുള്ള ആളാണ് ഞാൻ. തുടക്കക്കാലത്ത് എനിക്ക് ബസ് കൂലി പോലും കിട്ടിയിരുന്നില്ല. അതൊരു സ്ട്ര​ഗിളിം​ഗ് സ്റ്റേജ് ആണ്. അതിന് പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇതിനെല്ലാം ശേഷം നമ്മളിലെ അഭിനേതാവിനെ പ്രൂവ് ചെയ്ത് കഴിയുമ്പോഴാണ് നമുക്ക് ചോദിക്കാൻ സാധിക്കുക.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഗ്രേസ് ആന്റണി പറഞ്ഞത്.

അതേസമയം ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ നിരവധിപേരാണ് തങ്ങൾക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമം വെളിപ്പെടുത്തി മുന്നോട്ട് വന്നത്. സംവിധായകൻ രഞ്ജിത്ത്, നടനും മുൻ എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖ്, കൊല്ലം എംഎൽഎ മുകേഷ്, ജയസൂര്യ, വികെ പ്രകാശ്, ബാബുരാജ്, മണിയൻപിള്ള രാജു, ഇടവേള ബാബു, റിയാസ് ഖാൻ തുടങ്ങീ പതിനെട്ടോളം പേർക്കെതിരെയാണ് ഇതുവരെ വെളിപ്പെടുത്തലുകൾ വന്നത്.