സൂപ്പര്‍ താരങ്ങളുടെ മാത്രമല്ല താന്‍ ദിനോസറിന്റെയടക്കം ഫാന്‍ ആണെന്ന് നടന്‍ ഗുരു സോമസുന്ദരം. ചെറുപ്പം മുതലേ സിനിമ തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്നും സിനിമാ റിലീസ് ദിനങ്ങള്‍ ആഘോഷമാക്കിയ കാലമുണ്ടായിരുന്നു എന്നാണ് ഗുരു സോമസുന്ദരം പറയുന്നത്.
തന്റെ നാടായ മധുരയില്‍ എപ്പോഴും സിനിമ തന്നെയാണ് ആഘോഷം. ചെറുപ്പത്തില്‍ ജുറാസിക് പാര്‍ക്ക് ഇറങ്ങിയപ്പോള്‍ ദിനോസറിന് കട്ടൗട്ട് വച്ചിട്ടുണ്ട്. ഇരുപതടി ഉയരമുള്ള കട്ടൗട്ടാണ്. ഒരു മാലയൊക്കെ ഇട്ട്, പാലഭിഷേകം നടത്തി ഡാന്‍സൊക്കെ ചെയ്തു.
സൂപ്പര്‍താരങ്ങളെ മാത്രമല്ല, ദിനോസറടക്കം എല്ലാവരേയും ആരാധിക്കും. അമ്മന്‍ എന്ന ഒരു ചിത്രം ഇറങ്ങിയിരുന്നു. റിലീസ് സമയത്ത് അമ്മന്റെ വലിയ ഇന്‍സ്റ്റലേഷന്‍ ചെയ്ത് തിയേറ്ററിന് മുന്നില്‍ വച്ചിരുന്നു.
ആഘോഷവേളകളില്‍ പ്രത്യേകിച്ച് ദീപാവലിക്ക് രജനികാന്തിന്റെ ചിത്രം റിലീസ് ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഏതെങ്കിലും പഴയ പടം തിയേറ്ററില്‍ കളിപ്പിക്കും. ഫിലിം പെട്ടി ദീപാവലിയുടെ അന്ന് രാവിലെ ആട്ടവും പാട്ടുമൊക്കെയായി തിയേറ്ററിലെത്തിക്കും. അങ്ങനെ കണ്ടാലേ ആഘോഷം പൂര്‍ണമാവൂ.
Read more
രജനി സാറിന്റെയൊക്കം പടം ആദ്യ ദിവസം കണ്ടാല്‍ ഒരു ഡയലോഗ് പോലും കേള്‍ക്കാനാവില്ല. ശിവാജി റിലീസിന് എല്ലാവരും സീറ്റിന് മുകളില്‍ കയറി നിന്നാണ് പടം കണ്ടത്. പിന്നിലിരുന്ന തനിക്ക് കാണാന്‍ പറ്റാത്തതിനാല്‍ താനും സീറ്റില്‍ കയറി നിന്നു എന്നാണ് ഗുരു സോമസുന്ദരം ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.