685 കോടിയുടെ ചന്ദ്രയാന്‍- 3 എന്ന അഭിമാനം കളയാന്‍ ഇങ്ങനെയൊരു അധ്യാപിക മതി: ഹരീഷ് പേരടി

ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് മുസ്ലിം വിദ്യാര്‍ഥിയെ അധ്യാപിക അടിപ്പിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. 685 കോടിയുടെ ചന്ദ്രയാന്‍- 3 എന്ന അഭിമാനം കളയാന്‍ ഇങ്ങനെയൊരു അധ്യാപിക മതി എന്ന് മറക്കരുതെന്ന് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

I.N.D.I.A..എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫര്‍ നഗറിലെ ഈ സ്‌കൂളിന് മുന്നില്‍ അല്ലെ ഒത്ത് ചേരണ്ടേത്…അത് തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല…മറിച്ച് മനസ്സില്‍ പുഴു കുത്തുകളില്ലാത്ത വരും തലമുറയുടെ യഥാര്‍ത്ഥ INDIAയെ ഉണ്ടാക്കാനാണ്…

ആ സ്‌കൂളിന്റെ മുന്നില്‍ നിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കു…വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ..കേന്ദ്ര സര്‍ക്കാറെ..685 കോടിയുടെ ചന്ദ്രയാന്‍- 3 എന്ന അഭിമാനം കളയാന്‍ ഇങ്ങനെയൊരു അധ്യാപിക മതി എന്ന് മറക്കരുത്..

മുസാഫര്‍നഗറിലെ ഖുബ്ബാപുര്‍ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയാണ് ഹിന്ദു വിദ്യാര്‍ഥികളെക്കൊണ്ട് മുസ്ലിം വിദ്യാര്‍ഥികളെ അടിപ്പിച്ചത്. ഗുണന പട്ടിക പഠിക്കാത്തതിന്റെ പേരില്‍ അധ്യാപികയുടെ നിര്‍ദേശ പ്രകാരം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ മര്‍ദ്ദിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.

പഠനത്തില്‍ ശ്രദ്ധിക്കാത്ത മുസ്ലീം കുട്ടികളുടെ അമ്മമാരാണ് അവരുടെ പഠന നിലവാരത്തകര്‍ച്ചയ്ക്ക് ഉത്തരവാദികളെന്ന് അധ്യാപിക ആരോപിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. വീഡിയോ പുറത്തുവന്നതോടെ രാജ്യത്തെങ്ങും വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.