മീ ടൂ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം പുരുഷന്മാരുടെ ഭക്ഷണരീതിയാണെന്ന് നടി ഷീല. ഭക്ഷണത്തിലെ രീതി കാരണം ചില ഹോര്‍മോണുകളാണ് പുരുഷനെ ഇതുപോലെ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതെന്നും ഇത്തരത്തിലുള്ള ഭക്ഷണരീതി പുരുഷനെ 90 ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമാക്കി മാറ്റുന്നുവെന്നും ഷീല ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
“പണ്ടുകാലത്ത് ഇരുപത് വയസിലാണ് ആളുകള്‍ പ്രണയിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്ന് ഭക്ഷണരീതിയിലെ മാറ്റങ്ങള്‍ കാരണം ചെറിയ കുട്ടികള്‍ പോലും പ്രണയത്തില്‍ അകപ്പെടുന്നു. എന്റെ കാലത്ത് ഷൂട്ടിങ്ങുകള്‍ കൂടുതലും നടന്നിരുന്നത് നിറയെ മരങ്ങളുള്ള പ്രദേശങ്ങളിലായിരുന്നു. അതുകൊണ്ട് സമാധാനത്തോടെയിരിക്കാന്‍ സാധിക്കുമായിരുന്നു.”
“തെറ്റുകാര്‍ക്കെതിരേ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണം. സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കല്ലെറിയാന്‍ പൊതുസമൂഹത്തെ അനുവദിക്കണം. പുകവലി തടയാന്‍ സിഗരറ്റ് പാക്കറ്റുകളില്‍ നിയമപരമായ മുന്നറിയിപ്പ് നല്‍കാറുള്ളതുപോലെ തന്നെ തെറ്റു ചെയ്തവരുടെ നെറ്റിയില്‍ പച്ച കുത്തണം” ഷീല പറഞ്ഞു.
Read more
മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലയ്ക്കാണ് ലഭിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഷീലയ്ക്ക് പുരസ്‌കാരം സമ്മാനിക്കും.