മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങുന്നതെങ്കില്‍ അത് വിജയിക്കില്ല, കാരണമുണ്ട്..: ജാഫര്‍ ഇടുക്കി

റിലീസ് ചെയ്ത് 30 വര്‍ഷം കഴിഞ്ഞെങ്കിലും മലയാളികള്‍ക്കിടയില്‍ മണിച്ചിത്രത്താഴ് പോലെ ഇത്രയധികം റിപ്പീറ്റ് വാല്യു ഉള്ള മറ്റൊരു ചിത്രമുണ്ടോ എന്ന് തോന്നിപ്പോകും. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കോമഡികളും ഡയലോഗുകളുമൊക്കെ പ്രേക്ഷകര്‍ക്ക് ഹൃദിസ്ഥമാണ്. അഞ്ച് ഭാഷകളില്‍ അടക്കം റീമേക്ക് ചെയ്യപ്പെട്ട ചിത്രം ദേശീയ സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.

ചിത്രത്തെ കുറിച്ച് നടന്‍ ജാഫര്‍ ഇടുക്കി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്നാണ് ഈ സിനിമ ഇറങ്ങുന്നതെങ്കില്‍ അത് വിജയിക്കില്ലായിരുന്നു എന്നാണ് ജാഫര്‍ ഇടുക്കി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങുന്നതെങ്കില്‍ അത് വിജയിക്കില്ല. കാരണം സിനിമയുടെ സസ്‌പെന്‍സ് ആദ്യ ദിനം കുറേ പേര് ഫോണില്‍ പകര്‍ത്തും. ശോഭന നാഗവല്ലിയാണ് എല്ലാവരും കാണണം എന്നവര്‍ വിളിച്ചു പറയും. ഒളിച്ചും പാത്തും വല്ല ഗുഹയില്‍ ചെന്ന് എടുക്കേണ്ടി വന്നേനെ. അങ്ങനെയൊക്കെ പ്രശ്‌നമുണ്ട്.”

”സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി മാറിയിരിക്കുന്ന ഒന്നാണ് ആളുകളുടെ ഫോണ്‍ റെക്കോര്‍ഡിംഗ്. നമ്മള്‍ അനൗണ്‍സ് ചെയ്താലും അവര്‍ റെക്കോര്‍ഡ് ചെയ്യും. അങ്ങനെ ഒരാള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഒരു നിര്‍മ്മാതാവിന്റെ മനസൊക്കെ എത്ര വിഷമിക്കുന്നുണ്ടാവും എന്നറിയാമോ?”

Read more

”എത്ര കാശ് മുടക്കിയാണ് സിനിമ ചെയ്യുന്നത് എന്ന് അറിയാമോ? അതാണ് ഒരൊറ്റ ക്ലിക്കില്‍ ഒന്നും അല്ലാതെ ആക്കുന്നത്” എന്നാണ് ജാഫര്‍ ഇടുക്കി പറയുന്നത്. നടന്റെ വാക്കുകളെ വിമര്‍ശിച്ചും അനുകൂലിച്ചും കൊണ്ടുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. റിലീസ് ചെയ്തിട്ട് 30 വര്‍ഷമായെങ്കിലും സിനിമ വീണ്ടും കാണാന്‍ കേരളീയം പരിപാടിയില്‍ ആയിരങ്ങള്‍ എത്തിയതും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്.