മമ്മൂക്കയും ലാലുമായും സൗഹൃദം തുടരുന്നത് അതുകൊണ്ട് മാത്രമാണ്.. അവസരത്തിനൊത്ത് മാറാന്‍ അറിയാം: ജഗദീഷ്

സിനിമയിലെ തന്റെ സൗഹൃദങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിന്റെ കാരണം പറഞ്ഞ്് നടന്‍ ജഗദീഷ്. സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെയായി വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ള സൗഹൃദമാണ്. എന്നാല്‍ എപ്പോള്‍ സംസാരിക്കണം, എപ്പോഴാണ് നിര്‍ത്തേണ്ടത് എന്ന് കൃത്യമായി അറിയാവുന്നതു കൊണ്ടാണ് ആ ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് എന്നാണ് ജഗദീഷ് പറയുന്നത്.

വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് സംസാരിച്ചത്. ”ഓരോ സൗഹൃദത്തിലും എവിടെ നില്‍ക്കണം എന്നതു വലിയ പാഠമാണ്. പ്രിയനും ലാലും ഒക്കെയായി വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ള പരിചയമാണ്. പക്ഷേ, എപ്പോള്‍ സംസാരിക്കണം, എപ്പോഴാണ് നിര്‍ത്തേണ്ടത് എന്ന് കൃത്യമായി അറിയാവുന്നതു കൊണ്ട് ആ സൗഹൃദങ്ങള്‍ ഇപ്പോഴും തുടരുന്നു.”

”പ്രിയന്റെ ലൊക്കേഷന്‍. ഞാനും പ്രിയനും കാരവാനില്‍ ഇരുന്നു സംസാരിക്കുകയാണ്. അപ്പോഴാണ് ബോളിവുഡ് നിര്‍മ്മാതാവ് പ്രിയനെ കാണാനെത്തിയത്. അദ്ദേഹം വന്നതും ഞാന്‍ എഴുന്നേറ്റു. പ്രിയന്‍ പറഞ്ഞു, ‘നീ എങ്ങോട്ട് പോകുന്നു. അവിടെ ഇരിക്ക്’ എന്ന്. പക്ഷേ, ഞാന്‍ ഇറങ്ങി. റോളില്ലാത്ത ഇടങ്ങളില്‍ നിന്ന് അവസരത്തിനൊത്ത് മാറുന്നത് കൊണ്ടാണ് ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്.”

”ഫാലിമി’ കണ്ട് പ്രിയന്‍ വിളിച്ചു നീ കലക്കുന്നുണ്ടെന്ന് പറഞ്ഞു. അതിനേക്കാളും സന്തോഷമായത് പ്രിയന്‍ ഒപ്പമുള്ള സുഹൃത്തുക്കളോട് പറഞ്ഞതാണ്, ‘അവന്റെ വളര്‍ച്ച ഭയങ്കരമാണ്. എങ്ങോട്ടാണ് ഇവന്റെ പോക്ക്…’ എന്ന്. ഇത് അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമായി. അധ്യാപകന്‍ ക്ലാസിലെ ഒരു കുട്ടിയെ കുറിച്ച് ‘അവനെ കണ്ടു പഠിക്ക്’ എന്ന് പറയുന്ന പോലെ.”

”മമ്മൂക്കയും ലാലുമായും നല്ല ബന്ധമുണ്ടെങ്കിലും ഒരു ഫോണ്‍കോള്‍ പോലും അനാവശ്യമായി ചെയ്തിട്ടില്ല. അവരുടെ തിരക്കുകള്‍ എനിക്കു നന്നായറിയാം. അതുകൊണ്ടുതന്നെ ബുദ്ധിമുട്ടിക്കാറില്ല. കാണുമ്പോള്‍ ഇന്നലെ കണ്ടതു പോലെ സംസാരിച്ചു തുടങ്ങുകയും ചെയ്യും” എന്നാണ് ജഗദീഷ് പറയുന്നത്.

Read more