ഇങ്ങനൊരു അപമാനം ആദ്യമായാണ്, അവരെപ്പോലെ തന്നെ പഠിച്ച് ഡോക്ടറേറ്റ് എടുത്തിട്ടുള്ള വ്യക്തിയാണ് ഞാനും..; പ്രതികരിച്ച് ജാസി ഗിഫ്റ്റ്

തന്റെ കരിയറില്‍ ഇതുവരെ ഇങ്ങനെയൊരു അപമാനം നേരിട്ടിട്ടില്ലെന്ന് ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ്റ്റ്. കോളേജ് പ്രിന്‍സിപ്പല്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ജാസി ഗിഫ്റ്റ് ഇപ്പോള്‍. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നടന്ന പരിപാടിക്കിടെയാണ് ഗായകന്റെ മൈക്ക് പ്രിന്‍സിപ്പല്‍ പിടിച്ചു വാങ്ങിയത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജാസി ഗിഫ്റ്റ് രണ്ടാമത്തെ ഗാനം പാടുന്നതിനിടയ്ക്കാണ് പ്രിന്‍സിപ്പല്‍ സ്റ്റേജില്‍ കയറി വന്നത്. ജാസിക്കൊപ്പം പാടാനായി ഗായകന്‍ സജിന്‍ ജയരാജ് എത്തിയതായിരുന്നു പ്രിന്‍സിപ്പലസിനെ ചൊടിപ്പിച്ചത്.

സജിന്‍ പാടി തുടങ്ങിയപ്പോള്‍തന്നെ പ്രിന്‍സിപ്പല്‍ സ്റ്റേജില്‍ കയറിവരികയും മൈക്ക് പിടിച്ചുവാങ്ങി ഒരാള്‍ മാത്രം പാടിയാല്‍ മതിയെന്ന് പ്രിന്‍സിപ്പല്‍ പറയുകയായിരുന്നു. എന്താണ് പ്രിന്‍സിപ്പലിനെ പ്രകോപിപ്പിച്ചതെന്ന് അറിയില്ല എന്നാണ് ജാസി ഗിഫ്റ്റ് പറയുന്നത്.

ഇതൊരു പെയ്ഡ് പരിപാടിയാണെന്നും ഇത് ഇവിടെ അനുവദിക്കില്ല എന്നുമായിരുന്നു മൈക്കിലൂടെ അവര്‍ വിളിച്ചു പറഞ്ഞത്. തന്റെ ഇത്രയും നാളത്തെ കരിയറില്‍ ഇങ്ങനെയൊരു അപമാനം നേരിട്ടിട്ടില്ല. ഞാന്‍ എന്ന ഭാവത്തോടെയായിരുന്നു അവര്‍ പെരുമാറിയത്.

ഗായകന്‍ എന്നതിലുപരി അവരെപ്പോലെ പഠിച്ച് ഡോക്ടറേറ്റ് എടുത്തിട്ടുള്ള വ്യക്തിയാണ് താനും. പരിപാടിയില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ പാട്ട് തുടങ്ങുന്നതിനുമുമ്പോ അല്ലെങ്കില്‍ പാടിക്കകഴിഞ്ഞോ അവര്‍ക്ക് പറയാമായിരുന്നു.

അല്ലാതെ ഒരാള്‍ പാടികൊണ്ടിരിക്കെ മൈക്ക് പിടിച്ചുവാങ്ങുന്നത് അംഗീകരിക്കാനാവില്ല. ഏറ്റവും വലിയ തമാശ പാട്ട് പാടുന്നതിന്, പരിപാടിയില്‍ എന്നെ സ്വാഗതം ചെയ്തത് അവരായിരുന്നു എന്നതാണ് എന്നാണ് ദ ഫോര്‍ത്തിന് നല്‍കിയ പ്രതികരണത്തില്‍ ജാസി ഗിഫ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്.

Read more