എതിര്‍ത്ത് സംസാരിച്ച കാലത്തൊന്നും കൂടെ നില്‍ക്കാന്‍ ആരുമുണ്ടായില്ല: ജാസി ഗിഫ്റ്റ്

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട സംഗീതജ്ഞനാണ് ജാസി ഗിഫ്റ്റ്. ഇന്റർനെറ്റോ സോഷ്യൽ മീഡിയയോ സജീവമല്ലാതിരുന്ന കാലത്ത് ലജ്ജാവതിയേ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാള പിന്നണി ഗാനരംഗത്ത് ജാസി ഗിഫ്റ്റ് സൃഷ്ടിച്ച വിപ്ലവം ഇന്നും വലുതാണ്.

അടുത്തിടെ ഒരു കോളേജിൽ വെച്ചുനടന്ന പരിപാടിക്കിടെ ഗാനമാലപിക്കുന്നതിനിടെ ജാസി ഗിഫ്റ്റിനെ ഇറക്കിവിട്ടത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ തന്റെ സംഗീത ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ജാസി ഗിഫ്റ്റ്. എല്ലാത്തിനെയും എതിർത്താൽ മനസ് മടുത്തുപോവുമെന്നാണ് ജാസി ഗിഫ്റ്റ് പറയുന്നത്. എതിര്‍ത്ത് സംസാരിച്ച കാലത്തൊന്നും കൂടെ നില്‍ക്കാന്‍ ആരും ഉണ്ടായിട്ടില്ലെന്നും ജാസി ഗിഫ്റ്റ് ഓർത്തെടുക്കുന്നു.

“എല്ലാറ്റിനെയും എതിര്‍ത്താല്‍ മനസ് മടുത്തുപോകും. പലരും ചോദിച്ച കാര്യമാണ് സമീപകാലത്തുണ്ടായ പല വിഷയങ്ങളിലും എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നുള്ളത്. നമുക്കൊന്നിനേയും ക്ലാസെടുത്ത് മാറ്റാനാവില്ല. എതിര്‍ത്ത് സംസാരിച്ച കാലത്തൊന്നും കൂടെ നില്‍ക്കാന്‍ ആരും ഉണ്ടായിട്ടില്ല. ആരും സഹായിക്കാതെ ഇന്‍ഡസ്ട്രിയില്‍ വന്നയാളാണ് ഞാന്‍.

കറുപ്പിന്റെ വിഷയങ്ങളൊക്കെ പണ്ടേയുള്ളതല്ലേ. എല്ലാ പൊളിറ്റിക്‌സിനേയും മാറ്റി നിര്‍ത്താന്‍ പറ്റിയ സാഹചര്യമാണ് ഇന്നുള്ളത്. വാട്‌സ്ആപ്പില്‍ വണ്‍ ഷോട്ട് വന്നതാണ് ഏറ്റവും വലിയ ഗുണം. ഇപ്പോള്‍ സംസാരിക്കാന്‍ തന്നെ പേടിയാണ്. സമീപ കാലത്തുണ്ടായ ഇത്തരം വിഷയങ്ങളെല്ലാം ഫ്രസ്‌ട്രേഷനില്‍ നിന്നുമുണ്ടായതാണ്.

ലജ്ജാവതി ഇറങ്ങുന്നത് വരെ പാട്ടുകാരനായിട്ട് പോലും ആരും അംഗീകരിച്ചിട്ടില്ല. ലജ്ജാവതി എന്ന പാട്ടിനെ മാറ്റി നിര്‍ത്തണമെന്ന് വിചാരിച്ചാല്‍ പോലും നടക്കില്ല. ദേഷ്യം വരുമ്പോള്‍ വരവേല്‍പ്പിലെ മോഹല്‍ലാലിന്റെ അവസ്ഥയാണ് ഇപ്പോള്‍. ഇന്നസെന്റിനോട് ദേഷ്യപ്പെടാന്‍ ചെല്ലുന്ന മോഹന്‍ലാലിനെപ്പോലെയാണ്.” എന്നാണ് സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ജാസി ഗിഫ്റ്റ് പറയുന്നത്.

Read more