തനിക്കെതിരായി ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണങ്ങള്‍ വ്യാജമാണെന്ന് നടന് ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ജയസൂര്യ ന്യായീകരണങ്ങളുമായി എത്തിയിരിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന പീഡനാരോപണങ്ങള്‍ തന്നെയും തകര്‍ത്തു. ഇനിയുള്ള കാര്യങ്ങള്‍ നിയമ വിദഗ്ധര്‍ തീരുമാനിക്കും. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നാണ് ജയസൂര്യ പറയുന്നത്.
2008, 2013 വര്‍ഷങ്ങളില്‍ സിനിമാ സെറ്റില്‍ വച്ച് രണ്ട് നടിമാരോട് മോശമായി പെരുമാറിയെന്ന കാരണങ്ങളില്‍ രണ്ട് കേസുകളാണ് ജയസൂര്യക്ക് എതിരെയുള്ളത്. ഈ സാഹചര്യത്തിലാണ് പിറന്നാള്‍ ദിവസമായ ഞായറാഴ്ച വിശദീകരണക്കുറിപ്പുമായി അദ്ദേഹം രംഗത്തെത്തിയത്. വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരു മാസമായി അമേരിക്കയിലാണെന്നും ഇതിനിടയിലാണ് അപ്രതീക്ഷിതമായി രണ്ട് വ്യാജ പീഡനാരോപണങ്ങള്‍ ഉണ്ടാവുന്നതെന്നുമാണ് നടന് പറയുന്നത്.
ജയസൂര്യയുടെ കുറിപ്പ്:
ഇന്ന് എന്റെ ജന്മദിനം. ആശംസകള്‍ നേര്‍ന്ന് സ്നേഹപൂര്‍വ്വം കൂടെ നിന്ന എല്ലാവര്ക്കും നന്ദി.വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി ഞാന്‍ കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി എനിക്കു നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങള്‍ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയേയും പോലെ അത് എന്നെയും തകര്‍ത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേര്‍ത്ത് നിറുത്തിയ ഓരോരുത്തര്‍ക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകള്‍ക്ക് ഒടുവില്‍ ഞാന്‍ നിയമ വിദഗ്ദരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യങ്ങള്‍ അവര്‍ തിരുമാനിച്ചുകൊള്ളും.
ആര്‍ക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും, എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനിയായിരിക്കും എന്നത് സുനിശ്ചിതമാണ്.
ഇവിടത്തെ ജോലികള്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ തിരിച്ചെത്തും. നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയില്‍ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതിന്, അതില്‍ പങ്കാളിയായവര്‍ക്ക് നന്ദി.
‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ…. പാപികളുടെ നേരെ മാത്രം.’
View this post on InstagramRead more