'കെജിഎഫും ബാഹുബലിയും മലയാളത്തില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കാളിയന്‍'

കെജിഎഫും ബാഹുബലിയും മലയാളത്തില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാകും കാളിയനെന്ന് പ്രൊഡക്ഷന്‍ കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍. കാളിയന്‍ ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നും ആടുജീവിതത്തിന് ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1600കളുടെ പശ്ചാത്തലത്തില്‍ ഒരു മനുഷ്യന്റെ ജീവിതമാണ് സിനിമ സംസാരിക്കുന്നത്. സിനിമയില്‍ നിരവധി സംഘട്ടന രംഗങ്ങള്‍ ഉണ്ടാകും. എന്നാല്‍ പഴശ്ശിരാജ പോലെയൊരു പീരിയഡ് ചിത്രമായിരിക്കില്ല കാളിയനെന്നും സിനിമ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ വിപിന്‍ കുമാര്‍ പറഞ്ഞു.

പതിനേഴാം നൂറ്റാണ്ടില്‍ വേണാടില്‍ ജീവിച്ചിരുന്ന കുഞ്ചിരക്കോട്ട് കാളിയുടെ കഥയെ ആസ്പദമാക്കിയുളള കഥയാണ് കാളിയന്‍ പറയുന്നത്. ഇതിഹാസ യോദ്ധാവായിരുന്ന ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനായ ശിഷ്യനായിരുന്നു കാളിയന്‍. ഇരവിക്കുട്ടി പിള്ള ചരിത്രത്തിന്റെ ഭാഗമായെങ്കിലും കാളിയനെ ആരും അറിയാതെ പോവുകയായിരുന്നു.

Read more

തമിഴ് നടന്‍ സത്യരാജാണ് ഇരവിക്കുട്ടി പിള്ളയുടെ കഥാപാത്രം അഭിനയിക്കുന്നത്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് ബി ടി അനില്‍കുമാറാണ്. ശങ്കര്‍ എഹ്‌സാന്‍ ലോയ് ആണ് സംഗീതം. സുജിത് വാസുദേവാണ് ക്യാമറ.