അത്ഭുതപ്പെടുത്തിയ കഥയായിരുന്നു ആ സിനിമയുടെത്, പക്ഷെ വേണ്ടെന്ന് വച്ചു, രണ്ടാം ഭാഗത്തില്‍ വില്ലന്‍ വേഷത്തിലേക്ക് വിളിച്ചിരുന്നു, എന്നാല്‍..: കമല്‍ ഹാസന്‍

രജനികാന്ത്-ശങ്കര്‍ കോമ്പോയില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നാണ് ‘എന്തിരന്‍’. 2010ല്‍ റോബോട്ടിന്റെ കഥ പറഞ്ഞ് എത്തിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ വിസ്മയങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കമല്‍ ഹാസനെ നായകനാക്കി ശങ്കര്‍ പ്ലാന്‍ ചെയ്ത ചിത്രമായിരുന്നു ഇത്. പ്രീതി സിന്റയെ നായികയാക്കി ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

പിന്നീടാണ് രജനിയെയും ഐശ്വര്യ റായ്‌യെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രം എത്തിയത്. ചിത്രത്തില്‍ നിന്നും പിന്മാറിയതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് കമല്‍ ഇപ്പോള്‍. ”ഇന്ത്യന്‍ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് എന്തിരന്റെ കഥ കേള്‍ക്കുന്നത്. വല്ലാതെ അത്ഭുതപ്പെടുത്തിയ കഥയായിരുന്നു.”

”സിനിമയുടെ തിരക്കഥാകൃത്തും എന്റെ ഏറ്റവുമടുത്ത സുഹൃത്തുമായ സുജാത പറഞ്ഞത്, ഇത് നീ തന്നെ ചെയ്യണം എന്നായിരുന്നു. എന്നാല്‍ ആ സമയത്ത് ഒരുപാട് ബജറ്റ് ആവശ്യമായിരുന്ന സിനിമ ആയിരുന്നു ഇത്. മറ്റ് സിനിമകളേക്കാള്‍ അധികം ദിവസം ഇതിന് മാറ്റി വയ്‌ക്കേണ്ടി വരും. നേരത്തെ ഏറ്റു പോയ വേറെ സിനിമകള്‍ കാരണം ഈ പ്രോജക്ടില്‍ നിന്ന് പിന്മാറുകയായിരുന്നു.”

”എന്റെ സുഹൃത്ത് രജനികാന്ത് കറക്ട് ആയ സമയത്ത് എന്തിരന്‍ തിരഞ്ഞെടുത്തു അത് വലിയ വിജയമായി” എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ വില്ലന്‍ വേഷം നിരസിച്ചതിനെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്. ”രണ്ടാം ഭാഗം ഒരുക്കുന്ന സമയത്ത് വില്ലനായ പക്ഷിരാജനെ അവതരിപ്പിക്കാന്‍ എന്നെ ശങ്കര്‍ സമീപിച്ചിരുന്നു.”

”എന്നാല്‍ കുറച്ചുനാള്‍ കൂടി നായകനായിരിക്കണമെന്ന് ഞാന്‍ ശങ്കറിനോട് പറഞ്ഞു. അതിന് ശേഷം അക്ഷയ് കുമാര്‍ പക്ഷി രാജനെ അവതരിപ്പിച്ചു” എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. ‘ഇന്ത്യന്‍ 2’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ ഹാസന്‍ എന്തിരനെ കുറിച്ച് സംസാരിച്ചത്.