ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന അവനാണ്, എത്ര ബാം പുരട്ടിയാലും അത് മാറുന്നില്ല: രവി ശാസ്ത്രി

ഫോമിലുള്ള ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡിനെ സന്ദർശകർക്ക് തലവേദനയെന്ന് വിശേഷിപ്പിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി രംഗത്ത്. സമീപകാലത്ത് ഇന്ത്യയുടെ പല വിജയങ്ങൾക്കും ഇടയിൽ തടസമായി നിന്നുകൊണ്ട് ഓസ്‌ട്രേലിയക്ക് അത്ഭുത വിജയങ്ങൾ സമ്മാനിച്ച ഹെഡ് ശരിക്കും ആരാധകർക്ക് ഇടയിൽ ഒരു അസ്വസ്ഥതയുടെ കഥാപാത്രം തന്നെയാണ്.

കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യക്ക് വെല്ലുവിളിയായി 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിലും 2023 ഏകദിന ലോകകപ്പ് ഫൈനലിലും അദ്ദേഹം മാച്ച് വിന്നിംഗ് സെഞ്ചുറികൾ നേടി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ 11, 89, 140, 152 എന്നിങ്ങനെയാണ് അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ പോകുന്നത്.

ഐസിസി റിവ്യൂ ഷോയിൽ സംസാരിക്കവെ, ഹെഡിൻ്റെ ഫോം രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും വലിയ ആശങ്കയാണെന്ന് ശാസ്ത്രി സമ്മതിച്ചു. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു:

“അവൻ്റെ പുതിയ കുടുംബപ്പേര് ട്രാവിസ് തലവേദന എന്നാണ്. അവൻ കാരണം ഇന്ത്യ ബുദ്ധിമുട്ടുന്നു പാദ പ്രശ്നങ്ങൾ, കണങ്കാൽ പ്രശ്നങ്ങൾ (ഒപ്പം) തലവേദന പോലെ ഉള്ളവ വരുമ്പോൾ മരുന്ന് തിരയുന്ന പോലെയാണ് അവന്റെ കാര്യവും.”

സമീപകാലത്ത് ഓസ്‌ട്രേലിയൻ ഇടംകൈയ്യൻ്റെ അസാമാന്യമായ പ്രകടനത്തെക്കുറിച്ച് ഉള്ള തൻ്റെ ചിന്തകൾ പങ്കുവെച്ച ശാസ്ത്രി, ഷോർട്ട് ബോളിനെതിരായ തൻ്റെ മെച്ചപ്പെട്ട കഴിവുകളാണ് ഹെഡിൻ്റെ വിജയത്തിന് കാരണമെന്ന് പറഞ്ഞു. 62-കാരൻ വിശദീകരിച്ചു:

“അവൻ വളരെ മിടുക്കനാണെന്ന് ഞാൻ കരുതുന്നു. ഓരോ ദിവസവും അവൻ മെച്ചപ്പെട്ട് വരുന്നു. പ്രത്യേകിച്ച് ഷോർട്ട് ബോൾ കളിക്കുന്ന രീതി. അവൻ എല്ലാ പന്തും ആക്രമിക്കുന്ന പഴയ രീതി മാറ്റി ഇപ്പോൾ ഇന്നിംഗ്സ് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നു. ബോളർ ഏത് ലെങ്ത് ആണോ എറിയുന്നത് അത് മനസിലാക്കി കളിക്കുന്നു, അതാണ് അവന്റെ ഏറ്റവും വലിയ കരുത്ത്.”

ഇന്ത്യയ്‌ക്കെതിരെ 23 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ നിന്ന് 51.09 ശരാശരിയിൽ 1,124 റൺസാണ് ഹെഡ് (30) നേടിയത്, മൂന്ന് സെഞ്ച്വറിയും നാല് അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.