വിക്രത്തിലെയും വിശ്വരൂപത്തിലെയും ആ രംഗങ്ങൾക്ക് പ്രചോദനമായത് മഹാഭാരതത്തിലെ അർജുനൻ: കമൽ ഹാസൻ

വിക്രം, വിശ്വരൂപം എന്നീ ചിത്രങ്ങളിൽ താൻ മഹാഭാരതം റെഫറൻസുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് കമൽ ഹാസൻ. രണ്ട് സിനിമകളിലെയും ഇന്റർവെൽ രംഗങ്ങൾ മഹാഭാരതത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ചെയതെന്നാണ് കമൽ ഹാസൻ പറയുന്നത്. അതിനെയെല്ലാം വിശുദ്ധമായി കാണാതെ കഥകളായി സമീപിച്ചതുകൊണ്ടാണ് ആ രീതിയില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞതെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

“വിക്രം സിനിമയിലെ ഇന്റര്‍വല്‍ സീന്‍ ആയിക്കോട്ടെ, വിശ്വരൂപത്തില്‍ വിസാം ആരാണെന്ന് കാണിക്കുന്ന സീന്‍ ആയിക്കോട്ടെ രണ്ടിനും പ്രചോദനമായത് മഹാഭാരതത്തിലെ ഒരു ഭാഗമാണ്. അജ്ഞാതവാസത്തില്‍ സ്ത്രീവേഷത്തില്‍ കഴിയുന്ന അര്‍ജുനന്‍ യുദ്ധത്തിന്റെ സമയത്ത് യോദ്ധാവായി മാറുന്ന ഒരു ഭാഗമുണ്ട്. ഇനി സ്ത്രീവേഷത്തില്‍ ഒളിച്ചിരിക്കേണ്ട എന്ന് തീരുമാനിച്ചാണ് അര്‍ജുനന്‍ യുദ്ധത്തിനിറങ്ങുന്നത്

ഇതിനെയെല്ലാം വിശുദ്ധമായി കാണാതെ കഥകളായി സമീപിച്ചതുകൊണ്ടാണ് ആ രീതിയില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞത്. 2000 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ഭാഗം സിനിമാരൂപത്തില്‍ വരുമ്പോള്‍ പ്രേക്ഷകരത് എന്‍ജോയ് ചെയ്യുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആ സീനുകള്‍ക്ക് കിട്ടിയ കയ്യടികള്‍. അതെല്ലാം കാണുമ്പോള്‍ സന്തോഷമാണ് തോന്നുന്നത്.” എന്നാണ് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ കമൽ ഹാസൻ പറഞ്ഞത്.

അതേസമയം ശങ്കർ- കമൽ ഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘ഇന്ത്യൻ 2’ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ സീക്വലാണ് ഈ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. സേനാപതി എന്ന സ്വാതന്ത്ര്യ സമര നായകനായാണ് ചിത്രത്തിൽ കമൽഹാസൻ എത്തുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

20 വർഷത്തിനു ശേഷമാണ് കമലും ശങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്. ഇന്ത്യനിലെ സ്വാതന്ത്ര്യ സമരസേനാനി സേനാപതി നയിക്കുന്ന പുതിയ പോരാട്ടങ്ങളാണ് ഇന്ത്യൻ 2 വിന്റെ ഇതിവൃത്തം എന്നാണറിയുന്നത്.

Read more