ഹിസ്ബുള്ളയ്ക്ക് നേരെ ഉണ്ടായ പേജര്‍, വാക്കിടോക്കി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നടപടികളുമായി ദുബായിലെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. തങ്ങളുടെ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ കൈകളില്‍ പേജറുകളും വാക്കിടോക്കികളും അനുവദിക്കില്ലെന്ന് വിമാന കമ്പനി അറിയിച്ചു.
നിരോധിച്ച ഇത്തരം വസ്തുക്കള്‍ കൊണ്ടുവന്നാല്‍ പിടിച്ചെടുക്കുമെന്ന് കമ്പനി അറിയിച്ചു.
നിരോധനം ചെക്ക് ഇന്‍ ബാഗേജുകള്‍ക്കും ക്യാബിന്‍ ലഗേജുകള്‍ക്കും ബാധകമാണ്. പരിശോധനയില്‍ ഏതെങ്കിലും നിരോധിത വസ്തുക്കള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍ ഇവ ദുബൈ പൊലീസ് പിടിച്ചെടുക്കും.
കഴിഞ്ഞമാസം അവസാനം ലബനനിലെ ഹിസ്ബുള്ളകള്‍ക്കു നേര്‍ക്കുണ്ടായ പേജര്‍, വാക്കിടോക്കി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹിസ്ബുള്ളകളുടെ ആയിരക്കണക്കിനു പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ച് നിരവധി ഹിസ്ബുള്ള പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.
ഇറാന്‍, ഇറാക്ക് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത് ചൊവ്വാഴ്ച വരെ നീട്ടിയെന്നും എമിറേറ്റ്‌സ് അറിയിച്ചു. ജോര്‍ദാനിലേക്കുള്ള സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.ലബനോനിലെ പേജര്‍ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തില്‍ ബെയ്‌റൂത്ത് വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് സമാന രീതിയില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.