ആ സിനിമയിൽ നിന്നും ശോഭനയെ മാറ്റാൻ പറ്റുമോ എന്നാണ് മമ്മൂക്ക ആദ്യം ചോദിച്ചത്: കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

മമ്മൂട്ടി, ശോഭന, ആനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1995-ൽ പുറത്തിറങ്ങിയ കമലിന്റെ ചിത്രമാണ് ‘മഴയെത്തും മുൻപെ’. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് മമ്മൂട്ടി പറഞ്ഞ ഒരു നിർദ്ദേശത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. ശോഭനയെ നായികയായി നിശ്ചയിച്ചപ്പോൾ ആദ്യം മറ്റൊരാളെ കാസ്റ്റ് ചെയ്യാനായിരുന്നു മമ്മൂട്ടി നിർദ്ദേശിച്ചത് എന്നാണ് കമൽ പറയുന്നത്.

“മഴയെത്തും മുൻപെ എന്ന ചിത്രത്തിന്റെ മൊത്തം കഥ ശ്രീനി മമ്മൂക്കയോട് ഫോണിലാണ് പറഞ്ഞത്. ഇന്നത്തെ പോലെ നേരിട്ട് പോയി കഥ പറയുന്ന രീതിയൊന്നും അന്നില്ല. പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ മമ്മൂക്കയ്ക്ക് ഇഷ്‌ടമായി. ഫാമിലിയേയും യൂത്തിനേയും പിടിക്കുന്ന സിനിമയായിരിക്കുമെന്ന് മമ്മൂക്ക പറഞ്ഞു. കോളേജിലേയും ഹോസ്റ്റലിലേയുമൊക്കെ തമാശകൾ ആളുകൾക്ക് ഇഷ്‌ടമാകുമെന്ന് പറഞ്ഞു.

അതുപോലെ ഇമോഷണൽ ട്രാക്ക്. അന്നത്തെ മമ്മൂക്കയുടെ സിനിമകളിലെ ഏറ്റവും വലിയ വിജയം അത്തരം ഇമോഷണൽ ട്രാക്കുകളായിരുന്നു. അതിലെ മമ്മൂക്കയുടെ പെർഫോമൻസുമൊക്കെ ആളുകൾക്ക് ഇഷ്‌ടമായിരുന്നു. സ്ക്രിപ്റ്റ് ഓക്കെ ആയപ്പോൾ പിന്നെ കാസ്റ്റിങ് ആയിരുന്നു പ്രശ്നം. ശ്രീനിവാസന്റേയും മമ്മൂക്കയുടേയും വേഷം ആദ്യമേ തീരുമാനിച്ചു. ശോഭനയെയാണ് ആദ്യം തന്നെ നായികയുടെ റോളിലേക്ക് ഞങ്ങൾ പരിഗണിച്ചത്. എന്നാൽ ശോഭനയെ മാറ്റാൻ പറ്റുമോ എന്നായി മമ്മൂക്ക.

ഞാനും ശോഭനയും കുറേ പടത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇനി വരാനിരിക്കുന്ന ചില സിനിമകളിലും ശോഭന തന്നെയാണ് നായിക. വേറെ ഏതെങ്കിലും നടിമാരെ ഇടാൻ പറ്റുമോ എന്ന് ചോദിച്ചു. കുറച്ചു നടിമാരുടെ പേര് അദ്ദേഹം നിർദേശിച്ചു.
പക്ഷേ ശോഭനയല്ലാതെ ആ കഥപാത്രത്തിലേക്ക് മറ്റൊരാളെ പരിഗണിക്കാൻ ഞങ്ങൾക്കാവുമായിരുന്നില്ല.

കാരണം ഈ കഥാപാത്രം ഒരു ഡാൻസറാണ്. എക്സ്പേർട്ട് ഡാൻസറാണ്. മാത്രമല്ല നൃത്തം ചെയ്യുന്ന ഒരാൾ അവരുടെ ശരീരം തളർന്നുപോകുന്ന പോലെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ശോഭന ചെയ്യുമ്പോൾ അത് ആളുകൾക്ക് പെട്ടെന്ന് ഐഡൻ്റിഫൈ ചെയ്യാൻ പറ്റും. എന്നാൽ മമ്മൂക്കയ്ക്ക് അത് അത്രയും തൃപ്‌തിയുണ്ടായിരുന്നില്ല. പക്ഷേ ഒടുവിൽ ശോഭനയെ തന്നെ തീരുമാനിച്ചു.

പിന്നെ ആനിയുടെ കാര്യം പറഞ്ഞു. ഇയാളുടെ പിറകെ നടക്കുന്ന ഒരു പെൺകുട്ടിയാണ്. ആനി അന്ന് ‘അമ്മയാണെ സത്യം’ എന്ന ബാലചന്ദ്രമേനോൻ്റെ പടത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം വേറെ പടത്തിലൊന്നും അഭിനയിച്ചില്ല. എനിക്ക് ആ സിനിമ കണ്ടപ്പോൾ തന്നെ ആനിയുടെ അഭിനയം ഇഷ്‌ടപ്പെട്ടു.

അങ്ങനെയാണ് ആനിയുടെ കാര്യം പറയുന്നത്. മമ്മൂക്ക ആദ്യം പറഞ്ഞത് ആ പെണ്ണിനെ കണ്ടുകഴിഞ്ഞാൽ ആണാണെന്നല്ലേ തോന്നുക എന്നായിരുന്നു. തമാശയായി പറഞ്ഞതാണ്. അങ്ങനത്തെ ഒരു പെൺകുട്ടിയെ എങ്ങനെ ഈ കഥാപാത്രത്തിലേക്ക് പറ്റുമെന്ന് ചോദിച്ചു.

നമുക്കും ആണത്തമുള്ള ഒരു പെണ്ണിനെയാണ് വേണ്ടതെന്ന് ഞാൻ പറഞ്ഞു. ഇന്ന് അത് പറയുന്നത് പൊളിറ്റിക്കലി ഇൻകറക്‌ടാണ്. പക്ഷേ അന്ന് ഞാൻ അങ്ങനെയാണ് പറഞ്ഞത്. അങ്ങനെയാണ് ആനിയിലേക്ക് എത്തുന്നത്. ആനിയുടെ രണ്ടാമത്തെ സിനിമയായിരുന്നു മഴയെത്തും മുൻപേ.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.

Read more