കഥയ്ക്ക് ആവശ്യമില്ലെങ്കിൽ സ്ത്രീ കഥാപാത്രത്തെ കുത്തിത്തിരുകി കയറ്റേണ്ടതില്ല: കനി കുസൃതി

ഇന്ത്യൻ സിനിമകളിൽ അഭിനയത്തികവ് കൊണ്ട് തന്റെ സ്ഥാനമുറപ്പിച്ച താരമാണ് കനി കുസൃതി. നിരവധി അന്താരാഷ്ട്ര അവാർഡുകൾ കനി മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി അഭിനയിച്ച ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് പുറത്ത് തന്റെ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് കനി എന്നും നിറഞ്ഞു നിൽക്കാറുണ്ട്.

ഇപ്പോഴിതാ സിനിമകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് കനി കുസൃതി. ആവേശം കണ്ടപ്പോൾ അതുപോലെ ഇടിച്ചുനിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിരുന്നുവെന്ന് തനിക്ക് തോന്നിയിരുന്നെന്നും, എന്നാൽ പക്ഷെ ആ കഥയ്ക്ക് അങ്ങനെയൊനൊരു കഥാപാത്രം ആവശ്യമില്ലെങ്കിൽ കുത്തിത്തിരുകി കയറ്റേണ്ട ആവശ്യമില്ലെന്നും കനി കുസൃതി പറയുന്നു.

“ആവേശം കണ്ടപ്പോഴും ഇതിൽ ഇതുപോലെ ഇടിച്ചു നിൽക്കുന്ന സ്ത്രീകഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. നമുക്ക് കൊതി വരുമല്ലോ അത് കാണാൻ. അല്ലെങ്കിൽ ഒരു പാർട്ട് 2 ഉണ്ടായിരുന്നെങ്കിൽ, ആരെങ്കിലും ഇറങ്ങി വന്നാൽ എന്ത് രസമായിരിക്കും, അങ്ങനെ ആർക്ക് പെർഫോം ചെയ്യാൻ പറ്റും എന്നൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട്.
പക്ഷെ ആ കഥയ്ക്ക് അങ്ങനെയൊനൊരു കഥാപാത്രം ആവശ്യമില്ലെങ്കിൽ കുത്തിത്തിരുകി കയറ്റേണ്ട ആവശ്യമില്ല.

പക്ഷെ ഇവിടെ ഒരു വർഷം ഇരുനൂറോളം സിനിമകൾ ഇറങ്ങുന്നുണ്ട്. അങ്ങനെ ഉള്ള ഒരു സ്ഥലത്ത് രസകരമായ . സ്ത്രീ കഥാപാത്രങ്ങൾ വരുന്നില്ലെങ്കിൽ, അത് കഥകൾ ഇല്ലാത്തത് കൊണ്ടാണോ, അതോ കഥകളുണ്ട് പക്ഷെ നിർമ്മാതാക്കളെ
കിട്ടാത്തത് കൊണ്ടാണോ..?

ഞാൻ ഏറ്റവും മിസ്സ് ചെയ്യുന്നത് എഴുപതുകളിലും, എൺപതുകളിലും, തൊണ്ണൂറുകളിലും, ഹ്യൂമറസ് എന്ന് പറയുന്ന ഒരു സ്ഥലമുണ്ടായിരുന്നു. ഒന്നാമത് മലയാളികൾ തമാശ പറയുന്ന മനുഷ്യരാണ്. അത് സ്ത്രീകൾക്കും ഇവിടെ ഉള്ളത് തന്നെയാണ്.

ഫിലോമിന, മീന, ഉർവശി മാം, കൽപ്പന, കെപിഎസി ലളിത, സുകുമാരി ഇവർക്കൊക്കെ പെർഫോമൻസ് . സാധ്യതകൾ ഒരുപാട് കൊടുത്ത ഒരുപാട് സിനിമകൾ ഉണ്ട്. ഇപ്പോഴത്തെ അഭിനേതാക്കൾക്ക് അത് കിട്ടുന്നില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞത്

അതേസമയം മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്  എന്ന  ചിത്രത്തിന്റെ പ്രമേയം. അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.