നാണംകെട്ട പണിയാണ്, വാവ സുരേഷ് പറഞ്ഞ ഈ ഉദ്യോഗസ്ഥനെ ഞാന്‍ വിളിച്ചിരുന്നു, ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കരുത്: ഗണേഷ് കുമാര്‍

വാവ സുരേഷിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ആരോപണങ്ങളെ വിമര്‍ശിച്ച് നടനും മുന്‍ വനംവകുപ്പ് മന്ത്രിയും എംഎല്‍എയുമായ ഗണേഷ് കുമാര്‍. പണത്തിനു വേണ്ടി നില്‍ക്കുന്ന ആളല്ല വാവ സുരേഷ്. അയാളൊരു സാധുവാണ്. സാധുക്കളെ ആക്രമിച്ചും അധിക്ഷേപിച്ചും ആളാകാന്‍ ശ്രമിക്കരുത് എന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

വാവ സുരേഷിനെ കുറിച്ച് അധിക്ഷേപം പറയാന്‍ ഒരു ഉദ്യോഗസ്ഥന്മാര്‍ക്കും യോഗ്യതയില്ല. സര്‍ക്കാരില്‍ അവരോടൊപ്പം കിട്ടാവുന്ന ഒരു ജോലി മന്ത്രിയും മുഖ്യമന്ത്രിയും വാഗ്ദാനം ചെയ്തപ്പോള്‍ അത് വേണ്ടെന്നു വച്ചയാളാണ് വാവ സുരേഷ്. പണക്കാരനാകാന്‍ വനം വകുപ്പില്‍ ഉദ്യോഗസ്ഥനായി കയറില്‍ മതി. മാസം നല്ല ശമ്പളം കിട്ടും.

അത് വേണ്ടെന്നു വച്ച അദ്ദേഹത്തെ കുറിച്ച് ദൈവത്തിനു നിരക്കാത്ത അനാവശ്യങ്ങള്‍ പറയരുത്. പറയുന്നവര്‍ ലജ്ജിക്കും. പാമ്പ് പിടുത്തത്തിന്റെ പരിഷ്‌കാരങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പഠിപ്പിച്ചു കൊടുത്തത് ഈ ചെറുപ്പക്കാരനാണ്. പലപ്പോഴും വനംവകുപ്പില്‍ തന്നെ ക്ലാസ് എടുക്കാന്‍ വാവ സുരേഷിനെ വിളിച്ചിട്ടുണ്ട്.

അവിടെയുള്ളവര്‍ക്ക് ഏത് പാമ്പാണെന്ന് തിരിച്ചറിയാനുള്ള അറിവും ധാരണയും ഉണ്ടാക്കി കൊടുത്തത് വാവ സുരേഷ് ആണ്. പണത്തിനു വേണ്ടി നില്‍ക്കുന്ന ആളല്ല വാവ സുരേഷ്. അയാളൊരു സാധുവാണ്. സാധുക്കളെ ആക്രമിച്ചും അധിക്ഷേപിച്ചും ആളാകാന്‍ ശ്രമിക്കരുത്. നാണംകെട്ട പണിയാണ്.

വാവ പറഞ്ഞ ഈ ഉദ്യോഗസ്ഥനെ ഞാന്‍ വിളിച്ചിരുന്നു, ഇനി ശല്യം ചെയ്യരുതെന്ന് പറഞ്ഞു. ഈ പറയുന്ന ഉദ്യോഗസ്ഥന്റെ പേര് വാവ സുരേഷ് വെളിപ്പെടുത്തിയാല്‍ അയാളൊരു പാമ്പിനെ പിടിച്ച് കാണിക്കാമോ? കമ്പോ കോലോ അമേരിക്കന്‍ ഉപകരണങ്ങളോ എന്തെങ്കിലും ഉപയോഗിച്ച് കാണിച്ചാല്‍ മതി.

വാവ സുരേഷിനെ കുറിച്ച് ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കരുത്. പാമ്പിനെ പിടിക്കുന്നത് എങ്ങനെയെന്ന് വാവയെ ആരും പഠിപ്പിക്കേണ്ട. എല്ലാവരും വാവ സുരേഷിനു വേണ്ടി പ്രാര്‍ഥിക്കണം. അതുകൊണ്ടാണ് രണ്ടാം ജന്മമെടുത്ത് തിരിച്ചു വന്നത് എന്നാണ് ഗണേഷ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.