രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങള്‍ തമ്മില്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ല; കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങള്‍ തമ്മില്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ക്കൊപ്പം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട സംഭവത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത് എന്തോ വല്ലാത്ത സംഭവം ആണെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. എംപിമാര്‍ക്ക് വിരുന്നു നല്‍കാനാണ് ഗവര്‍ണര്‍ പോയത്. ഞാന്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ടായിരുന്നു. വിമാനത്തില്‍ ഒരുമിച്ചായിരുന്നു യാത്രയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ വിരുന്നിന് പങ്കെടുക്കാന്‍ ക്ഷണിച്ചു. ഇതേ തുടര്‍ന്ന് എംപിമാരുടെ പരിപാടിയില്‍ താനും പങ്കെടുത്തു. അവിടെവച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഭാതഭക്ഷണത്തിനു വരുമെന്നു പറഞ്ഞ് ഗവര്‍ണറെ കൂടി വിളിച്ചതാണ്. ഗവര്‍ണര്‍ സമ്മതിച്ചു. രാവിലെ തന്നെ വരികയായിരുന്നു. അല്ലാതെ ഗവര്‍ണര്‍ ഇട്ട പാലത്തില്‍ കൂടി താന്‍ അങ്ങോട്ട് പോയതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തനിക്കും ഗവര്‍ണര്‍ക്കും ധനമന്ത്രിക്കും സ്വന്തമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങള്‍ തമ്മില്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ല. കേരളത്തിന്റെ പൊതുവായ ചില കാര്യങ്ങള്‍ പറഞ്ഞതല്ലാതെ നിവേദനം കൊടുക്കാനൊന്നുമല്ല പോയതെന്നും മുഖ്യമന്ത്രി അറിയിച്ചു.