ഞാന്‍ ഇപ്പോഴും മുസ്ലിമാണ്, എന്നാല്‍ ഗണപതി ഭഗവാനെ ഇഷ്ടമാണ്.. അദ്ദേഹത്തെ വിഗ്ഗി എന്ന് വിളിക്കും: ഖുശ്ബു

താന്‍ ഇപ്പോഴും മുസ്ലിം മത വിശ്വാസിയാണെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു. തങ്ങളുടേത് പരമ്പരാഗത മുസ്ലീം കുടുബം ആണെങ്കിലും വിനായക ചതുര്‍ഥിയും ദീപാവലിയും ആഘോഷിച്ചിരുന്നു. തന്റെ ഭര്‍ത്താവ് ഇതുവരെ മതം മാറണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഖുശ്ബു ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മുസ്ലീമായാണ് ജനിച്ചത്. നിറയെ ഹിന്ദുക്കള്‍ വസിക്കുന്ന സ്ഥലത്താണ് വളര്‍ന്നത്. പരമ്പരാഗത മുസ്ലീം കുടുബം ആണെങ്കിലും വിനായക ചതുര്‍ഥിയും ദീപാവലിയും തങ്ങള്‍ ആഘോഷിച്ചിരുന്നു. ഗണപതി ഭഗവാനാണ് കൂടുതല്‍ അടുപ്പമുള്ള ഹിന്ദു ദേവന്‍. താന്‍ അദ്ദേഹത്തെ വിഗ്ഗി എന്നാണ് വിളിച്ചിരുന്നത്. ഇന്ന് തന്റെ വീട്ടില്‍ ധാരാളം ഗണപതി വിഗ്രഹങ്ങള്‍ കാണാം.

എന്നാല്‍ തങ്ങള്‍ മുസ്ലീം ആചാരങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ല. അമ്മയും താനും കാണുമ്പോള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നത് അസ്സലാമു അലൈകും എന്നു പറഞ്ഞാണ്. തന്റെ മക്കള്‍ പെരുന്നാളും ദീപാവലും ഒരേ വീര്യത്തോടെ ആഘോഷിക്കാറുണ്ട്. ഭര്‍ത്താവ് മതം മാറണമെന്ന് ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ല. അദ്ദേഹം റംസാനും പെരുന്നാളും ആഘോഷിക്കാറുണ്ട്

Read more

സ്വന്തം മതത്തിന് പുറത്തു നിന്ന് വിവാഹം ചെയ്തവര്‍ തങ്ങളുടെ കുടുംബത്തില്‍ വേറെയുമുണ്ട്. പങ്കാളികളെ മതം മാറാന്‍ ആരും നിര്‍ബന്ധിക്കാറില്ല. എന്റെ രണ്ടു സഹോദരങ്ങള്‍ അമുസ്ലീമുകളെയാണ് വിവാഹം ചെയ്തത്. ഒരാള്‍ ഇന്തൊനേഷ്യന്‍ ഹിന്ദുവിനെയും മറ്റൊരാള്‍ ക്രിസ്ത്യാനിയെയും എന്നാണ് ഖുഷ്ബു പറയുന്നത്.