ആരാധകര്‍ എന്നെ കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് അറിയണം; രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കിച്ച സുദീപ്

നടന്‍ കിച്ച സുദീപിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പലപ്പോഴും ചര്‍ച്ചകള്‍ നടക്കാറുണ്ട്. സമകാലീന പ്രശ്‌നങ്ങളിലും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തന്റെ നിലപാടുകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ രഷ്ട്രീയ പ്രവേശനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍.

കര്‍ണാടകയിലെ പല രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും തനിക്ക് ഓഫറുകള്‍ ലഭിച്ചിരുന്നതായാണ് കിച്ച സുദീപ് ഒരു പ്രാദേശിക ചാനലിനോട് വ്യക്തമാക്കുന്നത്. അടുത്തിടെ ഡി.കെ ശിവകുമാറുമായി താരം കൂടിക്കാഴ്ച നടത്തിയതോടെ കിച്ച സുദീപിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ്.

ഡി.കെ ശിവകുമാര്‍, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മന്ത്രി ഡി.കെ സുധാകര്‍ എന്നിവരെയെല്ലാം കണ്ടിട്ടുണ്ട്. എല്ലാവരുമായും നല്ല ബന്ധമാണ് ഉള്ളത്. എന്നാല്‍ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. ഒരു തീരുമാനം എടുക്കുമ്പോള്‍ അത് പരസ്യമാക്കും.

ഇത്തരമൊരു വലിയ തീരുമാനം എടുക്കുമ്പോള്‍ ആരാധകരുടെ അഭിപ്രായമാണ് തനിക്ക് പ്രധാനം. രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍, രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവയ്പ്പിനെ കുറിച്ച് ആരാധകര്‍ എന്താണ് ചിന്തിക്കുന്നതെന്ന് തനിക്ക് അറിയണം.

അത് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാതെ തന്നെ ജനങ്ങളെ സേവിക്കാം. ആദ്യം തനിക്ക് ഒരു ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എന്തുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നും അല്ലെങ്കില്‍ എന്ത് സംഭാവന സാധിക്കും എന്നതിനെ കുറിച്ച് ചിന്തിക്കണം എന്നാണ് കിച്ച സുദീപ് പറയുന്നത്.