'മമ്മൂട്ടി കോട്ടയം കുഞ്ഞച്ചനായി അവതരിച്ചത് അങ്ങനെയാണ്'; കോട്ടയം കുഞ്ഞച്ചന്റെ പിന്നാമ്പുറ കഥ പറഞ്ഞ് സംവിധായകൻ

മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു കോട്ടയം കുഞ്ഞച്ഛൻ. 1990 ൽ തിയറ്ററുകളിലേക്ക് റിലീസിനെത്തിയ ചിത്രം മുട്ടത്ത് വർക്കിയുടെ വേലി എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. ഡെന്നീസ് ജോസഫായിരുന്നു തിരക്കഥയാക്കിയത്. ഇപ്പോഴിതാ കോട്ടയം കുഞ്ഞച്ചനെ കുറിച്ച് സംവിധായകൻ സുരേഷ് ബാബു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

ഒരിക്കൽ താനും ഡെന്നീസ് ജോസഫും ഒരു കഥയുമായി ബന്ധപ്പെട്ട് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയിരുന്നതിനാൽ ആ കഥയിൽ ഒരു ട്വിസ്റ്റ് കൊടുക്കാൻ ങ്ങൾ തീരുമാനിച്ചു. പിന്നീട് തങ്ങൾ മുട്ടത്ത് വർക്കിയെ കണ്ട് സംസാരിച്ചു. അദ്ദേഹം അതിന് സമ്മതിക്കുകയായിരുന്നു. അതിനാൽ സിനിമയുമായി മുന്നോട്ട് പോവുകയായിരുന്നു. അക്കാലത്ത് മമ്മൂട്ടി ഒരുപാട് നല്ല സിനിമകൾ ചെയ്തിരുന്നെങ്കിലും കോമഡി കഥാപാത്രങ്ങൾ മമ്മൂട്ടിയ്ക്ക് അത്ര വിജയമായിരുന്ന സമയമല്ലായിരുന്നു.

അതുകൊണ്ട് തന്നെ തങ്ങൾ അത്തരമൊരു വേഷം കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. വാസ്തവത്തിൽ ആ ടീമിലുണ്ടായിരുന്ന മമ്മൂട്ടി, ഡെന്നീസ്, നിർമാതാവ് അരോമണി അടക്കമുള്ളവർക്കെല്ലാം ഈ കഥയോട് വലിയ വിശ്വാസമുണ്ടായിരുന്നു. ആ സമയത്ത് മണി തന്റെ സിനിമകളൊക്കെ തിരുവനന്തപുരത്ത് വെച്ചാണ് ഷൂട്ട് ചെയ്തിരുന്നത്. പക്ഷെ ഈ കഥയ്ക്ക് കോട്ടയം പോലുള്ള സ്ഥലത്ത് ഒരു ക്രിസ്ത്യൻ പശ്ചാതലത്തിൽ വേണമായിരുന്നു ചിത്രീകരിക്കാൻ. എന്റെ പിതാവ് സിനിമാ വിതരണക്കാരനായിരുന്നു.

അദ്ദേഹം കേരളത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും സഞ്ചരിച്ചിരുന്നു. അങ്ങനെ അദ്ദേഹമാണ് തിരുവനന്തപുരത്തുള്ള അമ്പൂരി എന്ന സ്ഥലം നോക്കാൻ പറയുന്നത്. റബ്ബർ തോട്ടങ്ങളൊക്കെയുള്ള അമ്പൂരി ശരിക്കും കോട്ടയം പോലെയായിരുന്നു. പള്ളികളും മറ്റുമെല്ലാം കൃത്യമായി കിട്ടി. അങ്ങനെ അവിടെ തന്നെ ചിത്രീകരണം തീരുമാനിച്ചു. സിനിമയിൽ കോട്ടയം മാർക്കറ്റിൽ നിന്നുള്ളൊരു രംഗമുണ്ട്.

അതടക്കം അമ്പൂരിൽ നിന്നുമാണ് ഷൂട്ട് ചെയ്തത്. 24 ദിവസം കൊണ്ടാണ് ഷൂട്ടിങ്ങ് പൂർത്തിയാക്കിയത്. അവിടുത്തെ ലോക്കൽ ആളുകളിൽ നിരവധി പേരും സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നു എന്നും സംവിധായകൻ സുരേഷ് പറയുന്നു.