സംവിധായകന്‍ ബാല എന്നെ ഉപദ്രവിച്ചിട്ടില്ല.. സിനിമയില്‍ മാറാനുള്ള കാരണമിതാണ്..; വിശദീകരണവുമായി മമിത ബൈജു

‘വണങ്കാന്‍’ സിനിമയില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് നടി മമിത ബൈജു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ ബാല തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നതായും വെറുതെ അടിക്കുകയും ചെയ്തിരുന്നു എന്നായിരുന്നു മമിത ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ താന്‍ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നാണ് മമിത ഇപ്പോള്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് മമിത പ്രതികരിച്ചത്. ”ബാല സാര്‍ തന്റെ സിനിമ കരിയറിലെ ഉപദേഷ്ടാവ് ആണ്, സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ വളരെ നല്ല ബന്ധത്തിലാണ് ഉണ്ടായിരുന്നത്.”

”സെറ്റില്‍ വെച്ച് മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ഒരു നല്ല നടി എന്ന നിലയില്‍ ഉയരാന്‍ ഒരുപാട് ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മറ്റു കമ്മിറ്റ്‌മെന്റുകള്‍ കാരണമാണ് എനിക്ക് ആ സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നത്.”

”എന്റെ വാക്കുകളെ വളച്ചൊടിക്കുക്കയാണ് ചെയ്തത്” എന്നാണ് മമിത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. എന്നാല്‍ സംവിധായകന്‍ തന്നോട് ‘വില്ലടിച്ചമ്പാട്ട്’ എന്ന കലാരൂപം പെട്ടന്ന് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും, അത് തനിക്ക് അറിയില്ലായിരുന്നുവെന്നും, ചിത്രീകരണ വേളയില്‍ ഒരുപാട് ശകാരിച്ചെന്നും വെറുതെ അടിച്ചെന്നും മമിത പറയുന്നുണ്ടായിരുന്നു.

No description available.

ഇതിനെ തുടര്‍ന്നുണ്ടായ വര്‍ത്തയിലാണ് താരം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. അതേസമയം, സൂര്യയെ നായകനാക്കി സംവിധായകന്‍ ബാല ഒരുക്കാനിരുന്ന ചിത്രമാണ് വണങ്കാന്‍. എന്നാല്‍ സൂര്യ ചിത്രത്തില്‍ പിന്മാറിയിരുന്നു. സൂര്യയും മമിതയും മാത്രമല്ല, നായികയായി തീരുമാനിച്ച കൃതി ഷെട്ടിയും ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു.