തന്നെ മെഗാസ്റ്റാര്‍ എന്ന് വിളിച്ചു തുടങ്ങിയതിന്റെ പിന്നിലെ കഥ പറഞ്ഞ് മമ്മൂട്ടി. ദുബായ് മാധ്യമങ്ങളാണ് തനിക്ക് ‘മെഗാസ്റ്റാര്‍’ എന്ന വിശേഷണം ആദ്യമായി നല്‍കിയത് എന്നാണ് മമ്മൂട്ടി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ളൂവന്‍സര്‍ ഖാലിദ് അല്‍ അമീറിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
”1987ല്‍ ആണ് ഒരു ഷോയ്ക്ക് വേണ്ടി ആദ്യമായി ദുബായിലേക്ക് പോകുന്നത്. അന്നവര്‍ എനിക്കൊരു വിശേഷണം തന്നു, ‘ദി മെഗാസ്റ്റാര്‍’. ദുബായ് മാധ്യമങ്ങളാണ് എനിക്ക് ആ വിശേഷണം തന്നത്. അല്ലാതെ ഇന്ത്യയില്‍ നിന്നുള്ള ആരുമല്ല. ഞാന്‍ ദുബായില്‍ എത്തിയപ്പോള്‍ അവര്‍ ‘മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് ദുബായിയില്‍ എത്തുന്നു’ എന്ന് എഴുതി.
‘മെഗാസ്റ്റാര്‍’ എന്ന പേര് ലഭിച്ചപ്പോള്‍ എന്ത് തോന്നിയെന്ന ചോദ്യത്തിന്, അത് വിശേഷണം മാത്രമാണ് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ‘ആളുകള്‍ സ്‌നേഹം കൊണ്ടും ബഹുമാനം കൊണ്ടുമാകാം വിശേഷണങ്ങള്‍ തരുന്നത്. ഞാനത് സ്വയം കൊണ്ട് നടക്കുന്നില്ല. ഞാനത് ആസ്വദിക്കുന്നുമില്ല” എന്നാണ് മമ്മൂട്ടി പറയുന്നത്.
തന്നെ മമ്മൂക്കാ എന്ന് വിളിക്കുന്നത് കേള്‍ക്കാനാണ് ഏറ്റവും ഇഷ്ടമെന്നും മമ്മൂട്ടി പറയുന്നുണ്ട്. അതേസമയം, മമ്മൂട്ടിയുടെ ‘ടര്‍ബോ’ സിനിമ 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. മെയ് 23ന് റിലീസ് ചെയ്ത ടര്‍ബോ ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് 50 കോടി പിന്നിട്ടത്.
ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന അരുവിപ്പുറത്ത് ജോസ് എന്ന ജീപ്പ് ഡ്രൈവറായാണ് ടര്‍ബോയില്‍ മമ്മൂട്ടി എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് വൈശാഖ് ആണ്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ.