'ഹരികൃഷ്ണന്‍സി'ന് രണ്ട് ക്ലൈമാക്‌സ് വരാന്‍ കാരണം ഇതാണ്..; വര്‍ഷങ്ങള്‍ക്ക് ശേഷം രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി

‘ഹരികൃഷ്ണന്‍സ്’ സിനിമയ്ക്ക് രണ്ട് ക്ലൈമാക്‌സ് വരാനുണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞ് മമ്മൂട്ടി. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ഹരികൃഷ്ണന്‍സ് മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഹരിയും കൃഷ്ണനും സ്‌നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം.

1998ല്‍ എത്തിയ ചിത്രത്തിന് എന്തുകൊണ്ടാണ് രണ്ട് ക്ലൈമാക്‌സ് വന്നത് എന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്താനായാണ് രണ്ട് ക്ലൈമാക്‌സ് വച്ചത് എന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ രണ്ട് ക്ലൈമാക്‌സ് ആകുമ്പോള്‍ കൂടുതല്‍ ആളുകള്‍ കാണും എന്ന് വിചാരിച്ചാണ് ഇത് ചെയ്തത് എന്നാണ് മമ്മൂട്ടി പറയുന്നത്.

മമ്മൂട്ടിയുടെ വാക്കുകള്‍:

ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ടുപേരും ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു. ആ പെണ്‍കുട്ടി ആരെ തിരഞ്ഞെടുക്കുന്നു എന്നതാണ് ആ സിനിമയുടെ അവസാനം. അന്നത്തെ കാലത്ത് സിനിമയുടെ പ്രചരണ ഉപാധിയായി രണ്ട് തരത്തിലുള്ള ക്ലൈമാക്‌സുകള്‍ വച്ചിരുന്നു. ഒന്ന് മീരയെ ഹരിക്ക് കിട്ടുന്നതും, മറ്റൊന്ന് മീരയെ കൃഷ്ണന് കിട്ടുന്നതും.

അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ചെയ്ത കാര്യമല്ല. ഒരു നഗരത്തില്‍ തന്നെ രണ്ട് തിയേറ്ററുകളില്‍ രണ്ട് തരം കഥാന്ത്യങ്ങള്‍ ഉണ്ടാകുമ്പോള്‍, രണ്ട് തരവും കാണാന്‍ ആളുകള്‍ വരും എന്നുള്ള ദുര്‍ബുദ്ധിയോട് കൂടിയോ സുബുദ്ധിയോട് കൂടിയോ ചെയ്‌തൊരു കാര്യമാണ്.

പക്ഷേ ഈ പ്രിന്റുകള്‍ അയക്കുന്ന ആളുകളുടെ കൂട്ടത്തിലുള്ള ചിലര്‍ക്ക് പറ്റിയ അബന്ധമാണ് രണ്ട് ഭാഗങ്ങളിലേക്ക് ആയി പോയത്. അതിന്റെ ഉദ്ദേശം വളരെ നല്ലതായിരുന്നു. എന്നാലും രണ്ട് പേര്‍ക്ക് കിട്ടിയാലും കാണാത്ത, കാണുന്ന, സന്തോഷമുള്ള, സന്തോഷമില്ലാത്ത ഒരു സിനിമ പ്രേക്ഷകര്‍ നമുക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ആ സിനിമ ഇത്രയും വലിയ വിജയമായതും ഈ വേദിയില്‍ ഹരികൃഷ്ണന്‍സിനെ പറ്റി സംസാരിക്കാന്‍ ഇടയായതും.