വല്ലാത്ത ക്ഷീണവും മുടി കൊഴിച്ചലും ഉണ്ടായി, എല്ലാം അവഗണിച്ചതിനാല്‍ സര്‍ജറി വേണ്ടി വന്നു, തുടക്കത്തില്‍ ചികിത്സിച്ചിരുന്നെങ്കില്‍..: മഞ്ജു പത്രോസ്

രോഗലക്ഷണങ്ങള്‍ ഒഴിവാക്കിയതു കൊണ്ട് തനിക്ക് സര്‍ജറിക്ക് വിധേയയാവേണ്ടി വന്നുവെന്ന് മഞ്ജു പത്രോസ്. ആദ്യം കടുത്ത മുടി കൊഴിച്ചലും ക്ഷീണവും വന്നു. ഇത് താന്‍ ശ്രദ്ധിച്ചില്ല. പിന്നീട് രക്തസ്രാവം വന്നപ്പോഴാണ് താന്‍ ഗൈനക്കോളജിസ്റ്റിനെ കണ്ടത് എന്നാണ് മഞ്ജു പറയുന്നത്.

മാതൃഭൂമി ആരോഗ്യ മാസികയോട് ആയിരുന്നു നടിയുടെ പ്രതികരണം. ”ഷൂട്ടിന് മേക്കപ്പ് ചെയ്യുന്നതിനിടെ വല്ലാതെ വിയര്‍ക്കുന്നത് ആയിരുന്നു ആദ്യത്തെ ലക്ഷണം. ഒന്നര വര്‍ഷത്തോളം ശരീരത്തിന് വല്ലാത്ത ചൂട് ആയിരുന്നു. കടുത്ത മുടികൊഴിച്ചില്‍, കിതപ്പ്, ക്ഷീണം തുടങ്ങി പല ലക്ഷണങ്ങളും ശരീരം കാണിച്ചു.”

”പക്ഷെ തിരക്കുകള്‍ക്ക് ഇടയില്‍ അതൊന്നും ഞാന്‍ കാര്യമാക്കിയില്ല. ഈ ലക്ഷണങ്ങള്‍ അവഗണിച്ചതാണ് തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ ഇടയാക്കിയത്. തുടക്കത്തിലെ ചികിത്സിച്ചിരുന്നെങ്കില്‍ ഇത്രയും ബുദ്ധിമുട്ട് നേരിടേണ്ടി വരുമായിരുന്നില്ല. ഏറെ നാളത്തെ രക്തസ്രാവവും തുടര്‍ന്ന് ബ്രൗണ്‍ നിറത്തിലുള്ള ഡിസ്ചാര്‍ജും വരാന്‍ തുടങ്ങി.”

”ഇതോടെയാണ് ഗൈനക്കോളജിസ്റ്റിനെ കണ്ടത്. സ്‌കാനിംഗില്‍ എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസിലാക്കി വിശദമായി ഡോക്ടര്‍ പരിശോധന നടത്തി. അതിലാണ് ഗര്‍ഭപാത്രത്തില്‍ ഫൈബ്രോയ്ഡും സിസ്റ്റും ഒത്തിരി ഉണ്ടെന്ന് കണ്ടെത്തിയത്. ചില സിസ്റ്റുകള്‍ വലുതായിരുന്നു.”

Read more

”മരുന്ന് കഴിച്ചെങ്കിലും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ. സര്‍ജറി ചെയ്യുമ്പോഴാണ് ഓവറിയിലും പ്രശ്‌നമുണ്ടെന്ന് അറിയുന്നത്. ഒടുവില്‍ ഓവറി കൂടി നീക്കം ചെയ്യേണ്ടി വന്നു. കീഹോള്‍ സര്‍ജറി ആയിരുന്നു” എന്നാണ് മഞ്ജു പത്രോസ് പറയുന്നത്.