മഞ്ജു ഒരിക്കലും ഡബ്ല്യൂസിസിയെ തള്ളി പറഞ്ഞിട്ടില്ല, തിരിച്ച് ഡബ്ല്യൂസിസിയും തള്ളി പറഞ്ഞിട്ടില്ല: സജിത മഠത്തില്‍

ഡബ്ല്യൂസിസി സ്ഥാപക അംഗങ്ങളിലൊരാള്‍ മലയാള സിനിമയില്‍ ഒരു പ്രശ്നങ്ങളുമില്ല എന്ന് ഹേമാ കമ്മിറ്റിക്ക് മൊഴി നല്‍കിയത് ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. ഇതോടെ ഡബ്ല്യൂസിസിയില്‍ നിന്നും അകന്നു നില്‍ക്കുന്ന മഞ്ജു വാര്യര്‍ക്കെതിരെ കടുത്ത രീതിയില്‍ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു.

എന്നാല്‍ നടിക്കെതിരായ സൈബര്‍ ആക്രമണങ്ങളെയും വിമര്‍ശനങ്ങളെയും അപലപിക്കുന്നുവെന്നും അതിജീവിതക്കൊപ്പം എന്നും ഉറച്ചു നിന്നയാളാണ് മഞ്ജു വാര്യര്‍ എന്നും താരത്തിന്റെ പേര് എടുത്തു പറയാതെ ഡബ്ല്യൂസിസി വ്യക്തമാക്കിയിരുന്നു. മഞ്ജു ഡബ്ലൂസിസിക്കൊപ്പം തന്നെയുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയും ഡബ്ല്യൂസിസി അംഗവുമായ സജിയ മഠത്തില്‍ ഇപ്പോള്‍.

”മഞ്ജു ഒരിക്കലും ഡബ്ല്യൂസിസിയെ തള്ളി പറഞ്ഞിട്ടില്ല, തിരിച്ച് ഡബ്ല്യൂസിസിയും തള്ളി പറഞ്ഞിട്ടില്ല. ഒന്നിച്ച് കൈപ്പിടിക്കേണ്ടിടത്തെല്ലാം ഞങ്ങള്‍ ഒന്നിച്ച് കൈപ്പിടിച്ച് നിന്നിട്ടുണ്ട്. കൂടെ കുറേ മനുഷ്യരുണ്ട്. ചിലര്‍ക്ക് എപ്പോഴും ആക്റ്റീവായി നില്‍ക്കാന്‍ പറ്റികൊള്ളണമെന്നില്ല.”

”എന്റെ വ്യക്തിപരമായ ജീവിതത്തില്‍ നടക്കുന്ന ചില പ്രശ്‌നങ്ങള്‍ കൊണ്ടോ, കരിയറില്‍ ഉണ്ടായ പ്രശ്‌നം കൊണ്ടോ എനിക്കത്ര ആക്റ്റീവായി നില്‍ക്കാന്‍ പറ്റണമെന്നില്ല. അതിനര്‍ത്ഥം ഞാനവിടെ ഇല്ല എന്നല്ല, വല്ലപ്പോഴെങ്കിലും കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടാവും. ചിലപ്പോള്‍ അതിന് പകരമായി മറ്റാരെങ്കിലും കൂടുതല്‍ ആക്റ്റീവായി നില്‍ക്കുന്നുണ്ടാവും.”

”മഞ്ജു അവിടെയുണ്ട്. പക്ഷേ മഞ്ജുവിന് തിരക്കിന്റെ ഇടയില്‍ ആക്റ്റീവായി നില്‍ക്കാന്‍ പറ്റികൊള്ളണമെന്നില്ല. ഒന്നിച്ച് കൈപ്പിടിക്കേണ്ടിടത്തെല്ലാം ഞങ്ങള്‍ ഒന്നിച്ച് കൈപ്പിടിച്ച് നിന്നിട്ടുണ്ട്. ഒന്നിച്ച് നിന്നിട്ടുണ്ട്. അങ്ങനെയാണ് അത് വേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് ഒരു അഭിമുഖത്തില്‍ സജിത മഠത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read more