സിനിമയിലെ ബലാത്സംഗം യഥാര്‍ത്ഥമാണോ? ഞാന്‍ മാപ്പ് പറയില്ല, എന്നെ ബലിയാടാക്കി പേരെടുക്കാനാണ് പലരുടെയും ശ്രമം: മന്‍സൂര്‍ അലി ഖാന്‍

വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍. തൃഷയെ കുറിച്ച് താന്‍ മോശമായി സംസാരിച്ചിട്ടില്ല, പിന്നെ എന്തിനാണ് മാപ്പ് പറയേണ്ടത് എന്നാണ് മന്‍സൂര്‍ ചോദിക്കുന്നത്. നടികര്‍ സംഘം തന്നെ അപമാനിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടന്‍ പറഞ്ഞു.

‘സരക്ക’് എന്ന ചിത്രത്തിന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്‍സൂര്‍ അലി ഖാന്‍ താന്‍ മാപ്പ് പറയില്ലെന്ന് പറഞ്ഞത്. തനിക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് നടികര്‍ സംഘം തന്നോടൊരു വാക്ക് പോലും ചോദിച്ചില്ലെന്ന് നടന്‍ കുറ്റപ്പെടുത്തി.

ഒരു സംഘടന നടത്തുന്നവര്‍ ഇങ്ങനെ ചെയ്യാമോ? വലിയ അഴിമതി നടത്തിയ നടികര്‍ സംഘമാണ് തന്നോട് മാപ്പുപറയാന്‍ ആവശ്യപ്പെട്ടത്. മന്‍സൂര്‍ അലി ഖാനെ ബലിയാടാക്കിയിട്ട് നല്ല പേരെടുക്കാനാണോ എല്ലാവരുടേയും ശ്രമം? ഇതിലെന്താണ് ന്യായം? യൂട്യൂബ് ചാനലുകള്‍ എന്തും ചെയ്‌തോട്ടേ.

ജനങ്ങള്‍ക്ക് എന്നെ അറിയാം. മാപ്പ് പറയേണ്ടുന്ന ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. നടികര്‍ സംഘത്തിന്റെ നീക്കങ്ങള്‍ ഹിമാലയന്‍ മണ്ടത്തരമാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ എനിക്കൊപ്പമാണ്. സിനിമയിലെ ബലാത്സംഗം യഥാര്‍ത്ഥമാണോ? സിനിമയില്‍ കൊലകള്‍ കാണിക്കുന്നു ആരെങ്കിലും മരിക്കുന്നുണ്ടോ എന്നും മന്‍സൂര്‍ പത്ര സമ്മേളനത്തില്‍ ചോദിച്ചു.

ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടി തൃഷയ്‌ക്കെതിരായി മന്‍സൂര്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിനാണ് വഴിയൊരുക്കിയത്. മന്‍സൂര്‍ അലി ഖാന്‍ മാപ്പ് പറയണം എന്ന് നടികര്‍ സംഘം ആവശ്യപ്പെട്ടിരുന്നു. ഞെട്ടിക്കുന്ന ഒന്നായിരുന്നു ആ പരാമര്‍ശം. മന്‍സൂറിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്യുമെന്നും താര സംഘടന വ്യക്തമാക്കിയിരുന്നു.