മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് മോഹൻ സിത്താര. 1986-ൽ പുറത്തിറങ്ങിയ ‘ഒന്ന് മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലെ രാരീ രാരീരോ രാരി..’ എന്നുതുടങ്ങുന്ന ഗാനത്തിലൂടെയാണ് മോഹൻ സിതാര മലയാള പിന്നണിഗാന രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്.
ഇലകൊഴിയും ശിശിരത്തിൽ, പുതുമഴയായ് പൊഴിയാം, നീൾമിഴിപ്പീലിയിൽ, സ്വരകന്യകമാർ വീണമീട്ടുകയായി, നിന്റെ കണ്ണിൽ വിരുന്നു വന്നൂ, പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ, ചാന്തുപൊട്ടും ചങ്കേലസ്സും, കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി, ആലിലക്കണ്ണാ നിന്റെ.. തുടങ്ങീ മലയാളികൾ എക്കാലത്തും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച ഗാനങ്ങളാണ് മോഹൻ സിത്താര ഒരുക്കിയിട്ടുള്ളത്.
2013-ലായിരുന്നു മോഹൻ സിത്താര അവസാനമായി ഒരു മലയാള സിനിമയ്ക്ക് സംഗീതം നൽകിയത്. പിന്നീട് അവസരങ്ങൾ ഒന്നും തന്നെ മലയാള സിനിമയിൽ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ‘എഴുത്തോല’ എന്ന സിനിമയിലൂടെ വീണ്ടും മലയാള ഗാനരംഗത്ത് സജീവമാവാൻ ഒരുങ്ങുകയാണ് മോഹൻ സിത്താര.
ഇപ്പോഴിതാ സിനിമയിൽ സംഭവിച്ച ഇടവേളയെ കുറിച്ച് സംസാരിക്കുകയാണ് മോഹൻ സിത്താര. സംഗീതത്തിൽ മാറ്റങ്ങൾ വന്നതുകൊണ്ട് തന്നെ തന്നെ ആർക്കും വേണ്ടെന്ന തോന്നലുണ്ടായെന്നാണ് മോഹൻ സിത്താര പറയുന്നത്. പിന്നീട് അസുഖബാധിതനായതും തിരിച്ചടിയായെന്ന് മോഹൻ സിതാര പറയുന്നു.
“2013-ൽ പുറത്തിറങ്ങിയ ‘അയാൾ’ എന്ന സിനിമയിലായിരുന്നു സിനിമയ്ക്കുവേണ്ടി അവസാനം സംഗീതം ചെയ്തത്. പിന്നെ ചിലതൊക്കെ ചെയ്തു. പലതും പുറത്തുവന്നില്ല. ആരും വിളിക്കാതെയായി. പുറത്തിറങ്ങാറില്ല. പതിയെ ജീവിതം നിശ്ശബ്ദമായി. കൂട്ടിന് സംഗീതവും എഴുത്തും മാത്രം.
പുതിയ സംഗീതസംവിധായകർ വന്നു. സംഗീതത്തിലും വന്നു, മാറ്റങ്ങൾ. ആർക്കും വേണ്ടാതായെന്ന തോന്നൽ. ഇതിന്റെ തുടർച്ചയായിട്ടാണ് അസുഖബാധിതനായത്. ഈയിടെ പുറത്തിറങ്ങിയ ‘എഴുത്തോല’ എന്ന സിനിമയിലൂടെയാണ് ഇപ്പോൾ എന്റെ രണ്ടാംവരവ്.” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മോഹൻ സിത്താര പറഞ്ഞത്.