മുരളി രാവും പകലും നിര്‍ത്താതെയുള്ള മദ്യപാനമായിരുന്നു, എന്താണ് കാരണമെന്ന് ആര്‍ക്കും അറിയില്ല, മാനസികമായിട്ട് ചില പ്രയാസങ്ങള്‍ ഉണ്ടായിക്കാണും: മാമുക്കോയ

സിനിമാരംഗത്ത് പ്രതിഭാധനരായ പലരും നശിച്ചു പോയത് മദ്യം മൂലമാണെന്ന് നടന്‍ മാമുക്കോയ. ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് മനസ്സുതുറന്നത്. മുരളിയും കൊട്ടാരക്കര ശ്രീധരന്‍ നായരും മെഹബൂബുമൊക്കെ ഈ ലിസ്റ്റിലുണ്ടെന്നും അദ്ദേഹം പറയുന്നു.

മാമുക്കോയയുടെ വാക്കുകള്‍

‘നടന്‍ മുരളി രാവും പകലും നിര്‍ത്താതെയുള്ള മദ്യപാനമായിരുന്നു അവസാന ഘട്ടത്തില്‍. മരിക്കുന്നത് വരെ. എന്താണ് കാരണമെന്ന് ആര്‍ക്കും അറിയില്ല. എന്തോ മാനസികമായിട്ട് ചില പ്രയാസങ്ങള്‍ ഉണ്ടായിക്കാണും.

ചിലരിതിന് അടിമപ്പെട്ട് നിര്‍ത്താന്‍ പറ്റാതെ പോയിട്ടുണ്ട്’ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ മഹാനായ ആര്‍ട്ടിസ്റ്റ് ആയിരുന്നു കൊട്ടാരക്കര ശ്രീധരന്‍ നായര്‍. അതുപോലത്തെ ഒരു നടന്‍ മലയാളത്തില്‍ ഇതുവരെ ജനിച്ചിട്ടില്ല. ഇനി ജനിച്ച് വന്നിട്ടുണ്ടെങ്കില്‍ നമുക്ക് നിഷേധിക്കാന്‍ പറ്റില്ല. അദ്ദേഹം മദ്യം കൊണ്ട് നശിച്ച് പോയതാണ്’

‘പലരും അദ്ദേഹത്തെ കുറച്ച് മദ്യം വാങ്ങിച്ച് കൊടുത്ത് ഒതുക്കിയിട്ടുണ്ട്. പ്രതിഫലം കൊടുക്കാതെയൊക്കെ. ഒരുപാട് കലാകാരന്‍മാര്‍ അങ്ങനെ പോയിട്ടുണ്ട്. സ്വന്തം കുടുംബത്തെ പറ്റിയോ ആലോചിക്കാതെ. കൊച്ചിയില്‍ ഉണ്ടായിരുന്ന ഗായകന്‍ മെഹബൂബ്. അദ്ദേഹത്തിന് കുടുംബം ഒന്നും ഉണ്ടായിരുന്നില്ല”സ്വന്തം ജീവിതത്തെ പറ്റി യാതൊരു ധാരണയും ചിന്തയും ഉണ്ടായിരുന്നില്ല. ഒരു ബീഡിയോ കഞ്ചാവോ കൊടുത്താല്‍ അത് വലിച്ച് പാടും. ആര് പറഞ്ഞാലും പാടും. ഭക്ഷണവും കിടപ്പാടവും ഇല്ല. അതിനെ പറ്റി നാട്ടുകാര്‍ക്കും ചിന്തയില്ല. ഇയാള്‍ എവിടെ കിടക്കുമെന്ന്. കൂടെ കള്ള് കുടിച്ച് പാട്ട് കേട്ടിട്ട് അവരങ്ങ് പോവും. അങ്ങനെ കുറേ കൂട്ടുകാരും ആരാധകരും നശിപ്പിച്ച കുറേ ആളുകളും സംഭവങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്’