'ഇടപാടുകൾ വാട്‌സ് ആപ്പ്, ഇൻസ്റ്റ അക്കൗണ്ടുകൾ വഴി, കാർ വാടകയ്‌ക്കെടുത്ത് ലഹരി വിതരണം'; ആലപ്പുഴ ലഹരി വേട്ടയിൽ അന്വേഷണം കടുപ്പിച്ച് എക്‌സൈസ്

ആലപ്പുഴ ലഹരി വേട്ടയലെ പ്രതികൾ ഇടപാടുകൾ നടത്തിയത് വാട്‌സ് ആപ്പ്, ഇൻസ്റ്റ അക്കൗണ്ടുകൾ വഴി. പ്രതികളുടെ വാട്‌സ് ആപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ നിലയിലാണ്. ചാറ്റുകൾ വീണ്ടെടുക്കാൻ പ്രതികളുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് അയക്കും. അതേസമയം പ്രതികൾ കാർ വാടകയ്‌ക്കെടുത്താണ് ലഹരി വിതരണം നടത്തിയത്. പ്രതികൾക്ക് കാർ വാടകയ്ക്ക് നൽകിയ ഏജൻസിയിൽ നിന്ന് എക്സൈസ് വിവരങ്ങൾ തേടും. കൂടാതെ വാഹനത്തിന്റെ ജിപിഎസ് വിവരങ്ങളും എക്സൈസ് തേടും.

അതേസമയം ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട കേസിൽ സിനിമ മേഖലയിലേക്കും എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ സിനിമ ബന്ധം പരിശോധിക്കും. പ്രതികളും 2 സിനിമാതാരങ്ങളും തമ്മിലുള്ള ബന്ധം അന്വേഷണപരിധിയിലാണ്. ആവശ്യമെങ്കിൽ ഇവരെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് എക്‌സൈസ് നീക്കം.

ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് പിടിയിലായ തസ്ലീമയുടെ മൊഴിപുറത്ത് വന്നതിന് പിന്നാലെയാണ് ഈ നിർണായക നീക്കം. ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നൽകാറുണ്ടെന്നാണ് തസ്ലീമ മൊഴി നൽകിയത്. സിനിമ മേഖലയിലെ പ്രമുഖരുടെ പേരുകൾ തസ്ലീമ പറഞ്ഞെന്ന് എക്സൈസ് അറിയിച്ചിരുന്നു. ഇ സാഹചര്യത്തിലാണ് കൂടുതൽ നീക്കങ്ങൾക്ക് എക്സൈസ് ഒരുങ്ങുന്നത്.

ഇക്കഴിഞ്ഞ ദിവസമാണ് ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ യുവതി ഉൾപ്പെടെ രണ്ട് പേർ എക്‌സൈസ് പിടിയിലാവുന്നത്. ഇവരിൽ നിന്നും ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. സിനിമ മേഖലയും ടൂറിസം മേഖലയും ലക്ഷ്യം വെച്ച് എത്തിച്ച ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. മൂന്ന് കിലോ കഞ്ചാവും പ്രതികളില്‍ നിന്ന് പിടികൂടി. അതേസമയം കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുൽത്താൻ, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് എത്തിക്കുന്ന റാക്കറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തു. എക്സൈസ് പ്രതികളെ ആലപ്പുഴയിൽ എത്തിച്ചത് കെണിയൊരുക്കി പിടികൂടുകയായിരുന്നു.

Read more