ഭീഷ്മ പര്‍വം പത്രസമ്മേളനത്തിനിടെ, പഴയ സൗന്ദര്യം അതേ പോലെ ഇന്നും നിലനിര്‍ത്തുന്ന മമ്മൂട്ടിയോട് അസൂയ ഉണ്ടോ? എന്ന് ചോദ്യം നടി നദിയ മൊയ്തുവിനോട് ചോദിച്ചിരുന്നു. ഈ ചോദ്യവും താരം നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
‘നമ്മള്‍ പെണ്ണുങ്ങള്‍ എത്ര തന്നെ സൗന്ദര്യം നിലനിര്‍ത്തിയിട്ടും അതു പോലെയുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നില്ല’ എന്നായിരുന്നു നദിയ പറഞ്ഞത്. വിവാഹിതരായ നടിമാരെ ഒരു ഘട്ടം കഴിയുമ്പോള്‍ അമ്മ വേഷങ്ങളിലേക്ക് പരിമിതപ്പെടുത്തുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നദിയ ഇപ്പോള്‍.
ഒരുഘട്ടം കഴിയുമ്പോള്‍ അമ്മ വേഷങ്ങളിലേക്ക് പരിമിതപ്പെടുത്തുന്നുവെന്നത് തനിക്കും വളരെ വിചിത്രമായി തോന്നിയിട്ടുള്ള കാര്യമാണെന്ന് നദിയ പറയുന്നു. സിനിമയില്‍ മാത്രമല്ല, പൊതുവില്‍ സമൂഹത്തില്‍ തന്നെ അത്തരമൊരു പ്രവണതയുണ്ട്.
വിവാഹം കഴിയുന്നതോടെ, കുട്ടികളാവുന്നതോടെ അമ്മ എന്ന രീതിയിലേക്ക് കൂടുതലായി ഫോക്കസ് ചെയ്യപ്പെടുന്നുണ്ട് സ്ത്രീകളുടെ ജീവിതം. എന്നാല്‍ അതു മാത്രമല്ല സ്ത്രീ, അവള്‍ക്കതിലും കൂടുതല്‍ ചെയ്യാനുണ്ട്. അമ്മയായതിനു ശേഷവും തന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ തനിക്കു സാധിച്ചു.
എന്നാല്‍, അത്തരമൊരു അവസരം പല അമ്മമാര്‍ക്കും ലഭിക്കുന്നില്ല. ഒരുപാട് ഉത്തരവാദിത്വങ്ങള്‍ക്ക് നടുവിലാണ് അവര്‍, കുടുംബത്തില്‍ നിന്നൊരു പിന്തുണ അവര്‍ക്ക് ലഭിക്കുന്നില്ല. അവര്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും നേടണമെങ്കില്‍ കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കിലെ നടക്കൂ എന്ന സാഹചര്യമാണ് പൊതുവെ നിലവിലുള്ളത്.
Read more
രണ്ടാംവരവില്‍ എന്നെ തേടിയെത്തിയ വേഷങ്ങളെ ടിപ്പിക്കല്‍ അമ്മ വേഷങ്ങള്‍ എന്നു പറയാനാവില്ല. അമ്മയായിരിക്കുമ്പോഴും കരുത്തരായ സ്ത്രീ കഥാപാത്രങ്ങളാണ് അവരോരുത്തരും. ടിപ്പിക്കല്‍ അമ്മ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത് മോശമാണെന്നല്ല താന്‍ പറഞ്ഞതെന്നും നദിയ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.