ആ ഡയലോഗൊന്നും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല: നസ്‌ലെന്‍

ഗിരീഷ് എ. ഡിയുടെ ആദ്യ ചിത്രം ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടനാണ് നസ്ലെൻ. പിന്നീട് സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും നസ്ലെൻ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. നസ്ലെന്റെ ഏറ്റവും പുതിയ ചിത്രം ‘പ്രേമലു’ 100 കോടി നേട്ടവും സ്വന്തമാക്കി വലിയ വിജയമായി മാറിയിരിക്കുകയാണ്.

റൊമാന്റിക്- കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഒടിടി റിലീസിന് ശേഷവും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് നസ്ലെൻ. തണ്ണീർമത്തൻ ദിനങ്ങളിലെ ചില ഡയലോഗുകളൊക്കെ സ്ക്രിപ്റ്റിൽ ഇല്ലായിരുന്നുവെന്നും അതെല്ലാം താൻ തന്നെ പറഞ്ഞതാണെന്നും നസ്ലെൻ പറയുന്നു.

“തണ്ണീർമത്തൻ ദിനങ്ങൾ ചെയ്യുമ്പോഴോ ഇറങ്ങുന്നതിന് മുമ്പോ ഇത്രയും അഭിനന്ദനം കിട്ടുമെന്ന് ഞാൻ കരുതിയിരുന്നില്ല. നമ്മൾ ചെയ്ത ക്യാരക്ടർ ആളുകളുടെ ഇടയിൽ ഇത്രയും റീച്ചുണ്ടാക്കും എന്നൊന്നും വിചാരിച്ചിട്ടില്ല. തണ്ണീർമത്തൻ മുഴുവൻ കഴിഞ്ഞപ്പോഴും ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു. ആ സമയത്ത് ഗിരീഷേട്ടൻ എന്താണോ പറയുന്നത് അതാണ് ഞാൻ ചെയ്തത്.

നിനക്ക് ഒക്കെ ഭ്രാന്താണോ പെൺപിള്ളേരുടെ പിന്നാലെ പോകാൻ എന്ന ഡയലോഗൊന്നും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞാൻ പറഞ്ഞതാണ്. സത്യം പറഞ്ഞാൽ ആ സമയത്ത് എന്തെങ്കിലും പറയണമെന്ന് കരുതി ഞാൻ ചുമ്മാ പറഞ്ഞ ഒരു സാധനമാണത്. അത് ഓൺലൈൻ കൗണ്ടറാണ്. അത് സ്ക്രിപ്റ്റിൽ ഒന്നുമില്ല. ഗിരീഷേട്ടന്റെയും ഡിനോ ചേട്ടന്റെയും പ്രോപ്പറായൊരു ഗൈഡൻസ് അതിനുണ്ടായിരുന്നു.

ഡിനോ ചേട്ടൻ ഒരുപാട് ടൈം സ്പെൻഡ്‌ ചെയ്തിട്ടുണ്ട്. ഗിരീഷേട്ടനും അറിയാം എന്താണ് വീക്ക് പോയിന്റ് എന്നൊക്കെ. അതുപോലെ തന്നെ പ്രേമലു തെലുങ്ക് തിയേറ്ററില്‍ പോയി കണ്ടപ്പോള്‍ കേരളത്തില്‍ നിന്ന് കണ്ട ഫീല്‍ അല്ലായിരുന്നു എനിക്ക് ലഭിച്ചത്. ഞങ്ങളെ കൊണ്ട് ഒന്ന് സംസാരിക്കാന്‍ പോലും ശരിക്കും അവിടെയുള്ള ഓഡിയന്‍സ് സമ്മതിച്ചില്ല.

അവിടെ മല്ലികാര്‍ജുന എന്ന തിയേറ്ററില്‍ പോയപ്പോള്‍ ഞങ്ങള്‍ക്കുണ്ടായത് ഭീകരമായ അനുഭവമാണ്. 800 സീറ്റുകളാണ് ആ തിയേറ്ററിലുണ്ടായിരുന്നത്. അത് അന്ന് ഹൗസ് ഫുള്ളായിരുന്നു. അവിടേക്ക് ഇന്റര്‍വെല്ലിനാണ് ഞങ്ങള്‍ കയറി ചെല്ലുന്നത്. പടം കഴിയാതെയാണ് പോകുന്നത്. സത്യം പറഞ്ഞാല്‍ അവർ ഞങ്ങളെ അന്ന് മിണ്ടാന്‍ പോലും സമ്മതിച്ചിട്ടില്ല.

‘ഹേയ് സച്ചിന്‍ റീനു എവിടെ എന്നൊക്കെ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. കൂടെയുള്ള ആളുകളാണ് എന്താണ് അവരൊക്കെ പറയുന്നതെന്ന് എനിക്ക് പറഞ്ഞ് തന്നത്. അന്ന് നമുക്ക് ഭാഷ അറിയില്ലല്ലോ. ഇപ്പോള്‍ കുറച്ചൊക്കെ തെലുങ്ക് മനസിലാകും. എന്താണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് പിക്ക് ചെയ്യാനൊക്കെ പറ്റുന്നുണ്ട്. അവര്‍ കളിയാക്കുകയാണോ എന്നൊക്കെ മനസിലാകുമെന്ന്.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ നസ്ലെൻ പറഞ്ഞത്.