എന്റെ പേരിലെവിടെയാണ് ജാതിവാല്‍, ഇല്ലാത്തത് ഞാനെങ്ങനെ മുറിക്കും: നവ്യ

ജാതിവാലിന്റെ പേരില്‍ തനിക്ക് വലിയ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി നവ്യ നായര്‍. സത്യസന്ധമായി പറഞ്ഞാല്‍ തനിക്ക് ജാതിവാല്‍ ഇല്ലെന്നും ഇല്ലാത്ത ഒന്ന് മുറിക്കുന്നതെങ്ങനെയാണെന്ന് മനസ്സിലായില്ലെന്നും അവര്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ആരും നവ്യ നായര്‍ എന്നു വിളിക്കുന്നത് എന്റെ ജാതി മനസ്സിലാക്കിയിട്ടല്ല. അത് എന്റെ പേര് ആയിപ്പോയി. ഇനി ഇത് മുറിച്ചു മാറ്റാം എന്നു വച്ചാല്‍ തന്നെ എന്റെ ഒരു ഔദ്യോഗിക രേഖകളിലും ഞാന്‍ നവ്യ അല്ല, ധന്യ വീണ ആണ്. ഗസറ്റിലെ എന്റെ പേര് അതാണ്.

കൂടാതെ എന്റെ ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്… ഇതിലൊക്കെ ഞാന്‍ ധന്യ വീണ തന്നെ ആണ്. അതിലൊന്നും ജാതിവാല്‍ ഇല്ല, പിന്നെ ഞാന്‍ എങ്ങനെ മുറിക്കും? പിന്നെ ജാതിപ്പേര് മോശമാണെന്ന് വിചാരിച്ചത് മൂലമല്ല ഞാനിതു പറയുന്നത്, മുറിക്കാനായി എനിക്ക് അങ്ങനെ ഒരു വാലില്ല. അവര്‍ വ്യക്തമാക്കി.

Read more

ആദ്യമൊക്കെ സിനിമയുടെ സെറ്റില്‍ നവ്യ എന്നു വിളിക്കുമ്പോള്‍ ഞാന്‍ ആ വിളി കേള്‍ക്കില്ലായിരുന്നു. അതുകൊണ്ട് എല്ലാവരും എന്നെ ധന്യ എന്നു തന്നെ വിളിച്ചിരുന്നു പിന്നീട് പയ്യെ പയ്യെ ആണ് ഞാന്‍ തന്നെ എന്റെ ഈ പുതിയ പേര് അംഗീകരിച്ചു തുടങ്ങിയത്.”- നവ്യ പറഞ്ഞു.