അഭിനയമാണ് പ്രധാനം, സിനിമയില്‍ അഭിനയിക്കുന്നതല്ല, അത് ഞാന്‍ തെരുവിലോ ബസിലോ ചെയ്യും: നവാസുദ്ദീൻ സിദ്ദിഖി

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് എപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനാണ് നവാസുദ്ദീൻ സിദ്ദിഖി. അനുരാഗ് കശ്യപിന്റെ ഗ്യാങ്ങ്സ് ഓഫ് വസേപുർ, രാമൻ രാഘവ് 2.0, റിതേഷ് ബത്രയുടെ ഫോട്ടോഗ്രാഫ്, ലഞ്ച് ബോക്സ്, നന്ദിത ദാസിന്റെ മൻഡോ, ഫിറാഖ് തുടങ്ങീ സിനിമകളിലൂടെ മികച്ച പ്രകടനമാണ് നവാസുദ്ദീൻ സിദ്ദിഖി കാഴ്ചവെച്ചത്. സേക്രഡ് ഗെയിംസ് എന്ന സീരീസിൽ ഗണേഷ് ഗൈതൊണ്ടേ എന്ന കേന്ദ്ര കഥാപാത്രമായും നവാസുദ്ദീൻ സിദ്ദിഖി എന്ന നടൻ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ കുറവുകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് നവാസുദ്ദീൻ സിദ്ദിഖി. സംസാരിക്കുമ്പോൾ വിക്കുള്ളത് കൊണ്ടും കാര്യങ്ങൾ പതുക്കെ ചെയ്യുന്ന ഒരു ട്യൂബ് ലൈറ്റ് ആയിരുന്നതുകൊണ്ടും താനൊരു പ്രശസ്ത നടനാവുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നാണ് നവാസുദ്ദീൻ സിദ്ദിഖി പറയുന്നത്.

“കാര്യങ്ങള്‍ മനസിലാക്കാന്‍ സമയമെടുക്കും. ദേഷ്യം വരുമ്പോള്‍ വിക്കും വരും. 2005–2006 സമയത്താണ് അത് അവസാനിച്ചത്. ഒരു അരക്ഷിത ബോധമുള്ളതുകൊണ്ടാവാം അങ്ങനെ സംഭവിച്ചത്. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടാന്‍ തുടങ്ങിയപ്പോള്‍ വിക്കും പോയി.” എന്ന് പറഞ്ഞ നവാസുദ്ദീൻ സിദ്ദിഖി, ഭാവിയിൽ സിനിമയില്ലാത്ത അവസ്ഥ വന്നാൽ അവസരം ചോദിക്കാനുള്ള ധൈര്യം തനിക്കില്ലെന്നും പറയുന്നു.

“എനിക്ക് ജോലി തരുമോ എന്ന് ഞാന്‍ ചോദിക്കില്ല. വേണമെങ്കില്‍ വീടും ഷൂവും എല്ലാം വില്‍ക്കും. എന്നിട്ട് സ്വന്തമായി സിനിമ ചെയ്യും. അതില്‍ ആത്മവിശ്വാസമുണ്ട്. അഭിനയമാണ് പ്രധാനം, സിനിമയില്‍ അഭിനയിക്കുന്നതല്ല. അത് ഞാന്‍ തെരുവിലോ ബസിലോ ചെയ്യും.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈയിടെനവാസുദ്ദീൻ സിദ്ദിഖി പറഞ്ഞത്.

‘ബോലെ ചുഡിയാൻ’, ‘നൂറാനി ചെഹ്ര’ എന്നീ ചിത്രങ്ങളാണ് നവാസുദ്ദീൻ സിദ്ദിഖിയുടേതായി ഇനി പുറത്തുവരാനുള്ളത്.