'വിവാഹിതയല്ലാത്ത എന്റെ പേജില്‍ അവരുടെ വിവാഹവിശേഷങ്ങള്‍'; തന്റെ പേരില്‍ രണ്ട് വിക്കിപീഡിയ പേജുകള്‍, സഹായം അഭ്യര്‍ത്ഥിച്ച് നേഹ സക്‌സേന

മമ്മൂട്ടി ചിത്രം കസബയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നേഹ സക്‌സേന. തന്നെ അലട്ടി കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണ് നേഹ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വ്യക്തിപരമായും തൊഴില്‍പരമായും ഇപ്പോള്‍ ഐഡന്റിറ്റി പ്രശ്‌നം അഭിമുഖീരിക്കുന്നു എന്നാണ് നേഹ പറയുന്നത്. തന്റെ പേരില്‍ രണ്ട് വിക്കിപീഡിയ പേജുകള്‍ ഉള്ള കാര്യം പങ്കുവെച്ചാണ് നേഹയുടെ പോസ്റ്റ്.

നേഹ സക്‌സേന എന്ന പേരില്‍ ഒരു ഹിന്ദി ടിവി താരം കൂടിയുണ്ട്. തന്റെ സിനിമകളുടെ വിശദാംശങ്ങളും ചിത്രങ്ങളും ലിങ്കുകളുമെല്ലാം അവരുടെ പേജിലും, അവരുടെ വിശദാംശങ്ങളെല്ലാം തന്റെ പേജിലും അപ്‌ഡേറ്റ് ചെയ്യപ്പെടുകയാണെന്ന് നേഹ പോസ്റ്റില്‍ കുറിച്ചു. വിവാഹിതയല്ലാത്ത തന്റെ പേജില്‍ അവരുടെ വിവാഹ വിശേഷങ്ങളും ചിത്രങ്ങളും വരുന്നു.

ഇതിന് പരിഹാരം കാണാനായി ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റുമോയെന്നും നേഹ പോസ്റ്റില്‍ ചോദിക്കുന്നു. രണ്ട് വിക്കിപീഡിയ പേജുകളുടെ യുആര്‍എല്ലും സ്‌ക്രീന്‍ ഷോട്ടുകളും താരം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇക്കാര്യം വിക്കിപീഡിയക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

അതേസമയം, മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് നേഹയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. റിക്ഷ ഡ്രൈവര്‍ എന്ന തുളു ചിത്രത്തിലൂടെ 2013ല്‍ അഭിനയരംഗത്തേക്ക് എത്തിയ നേഹ തെന്നിന്ത്യന്‍ ഭാഷകളില്‍ സജീവമാവുകയായിരുന്നു. കസബയ്ക്ക് ശേഷം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സഖാവിന്റെ പ്രിയ സഖി, ജിം ബൂ ബാ, ധമാക്ക എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

View this post on Instagram

A post shared by Neha Saxena (@nehasaxenaofficial)

Read more